
ലോക്ക് ഡൗണിനു മുൻപ് ബിവറേജ് അടയ്ക്കാൻ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ബിവറേജ് അടച്ചതിന് ശേഷം വീട്ടിൽ സുഹൃത്തിന്റെ സഹായത്തോടെ വ്യാജ മദ്യം വിൽപ്പന; വ്യാജ വിദേശ മദ്യം വിൽപ്പന നടത്തിയ ബി.ജെ.പി നേതാവും സുഹൃത്തും അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: ലോക്ക് ഡൗണിനു മുൻപ് ബിവറേജ് അടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും, ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും ചെയ്ത ബിജെപി നേതാവ് വ്യാജ മദ്യം വിൽപ്പന നടത്തിയ കേസിൽ അറസ്റ്റിൽ. ഇയാളുടെ വീടിനു സമീപത്തെ ക്ലബ് കേന്ദ്രീകരിച്ചായിരുന്നു മദ്യ വിൽപ്പന. മൂന്നര ലിറ്റർ മദ്യവും, ഇയാളുടെ സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തു.
ഇരവിപേരൂരിലെ ബിജെപി പഞ്ചായത്ത് സെക്രട്ടറിയും സഹായിയുമാണ് ലോക്ക് ഡൗൺ കാലത്ത് വ്യാജ വിദേശമദ്യം വിറ്റ കേസിൽ പൊലീസ് പിടിയിലായത്. ബി ജെ പി പഞ്ചായത്ത് സെക്രട്ടറി കിഴക്കനോതറ പഴയ കാവ് വേട്ടുകുന്നിൽ സുനിൽ ഓതറ (37) യും സഹായി ചെങ്ങന്നൂർ പുത്തൻകാവിൽ അങ്ങാടിക്കൽ കൊച്ചു പ്ലാമോടിയിൽ ഗോപു (21)വിനെയുമാണ് പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത്, ബിവറേജ് അടയ്ക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിൽ ബിവറേജിലെ ക്യൂ സഹിതം ഇയാൾ പോസ്റ്റ് ഇട്ടിരുന്നു. ഇത് കൂടാതെ ബിവറേജിനു മുന്നിൽ ബിജെപി നടത്തിയ സമരത്തിനും ഇയാൾ നേതൃത്വം നൽകിയിരുന്നു. ഇയാളെയാണ് ഇപ്പോൾ വ്യാജ വിദേശ മദ്യം വിൽപ്പന നടത്തിയ കേസിൽ പൊലീസ് പിടികൂടിയിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്ക് ഓതറ വടികുളം ഇലഞ്ഞിമൂട്ടിൽ വച്ചാണ് സുനിൽ പൊലീസ് പിടിയിലായത്. ഇവിടെ പ്രവർത്തിക്കുന്ന ക്ലബിന്റെ ഭാരവാഹി കൂടിയായ സുനിൽ ക്ലബിന്റെ മറവിലാണ് മദ്യവില്പന നടത്തിവന്നതെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ സുനിലിനെകൊണ്ട് തന്ത്രപരമായി വിളിച്ചുവരുത്തിയാണ് ഗോപുവിനെ പിടികൂടിയത്.
യുവമോർച്ച ജില്ലാ ഭാരവാഹിയായിരുന്ന സുനിൽ കടുത്ത മുരളീധരപക്ഷക്കാരനായിരുന്നു. ഇടക്കാലത്ത് നേതൃത്വവുമായി ഇടഞ്ഞ് മാറി നിന്ന ഇയാൾ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റായതോടെയാണ് സജീവമായി രംഗത്തെത്തിയതെന്നാണ് നാട്ടുകാരും ബിജെപിയിലെ ഇയാളുടെ എതിർപക്ഷത്തുള്ളവരും നൽകുന്ന വിവരം. കഴിഞ്ഞ മാസമാണ് ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായത്.
പ്രദേശത്ത് വൻ തോതിൽ വ്യാജ മദ്യ വിൽപ്പനയും, ലഹരി ഇടപാടുകളും നടക്കുന്നതായി പത്തനംതിട്ട പൊലീസ് മേധാവി കെ ജി സൈമണിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ദിവസങ്ങളായി നാട്ടിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.
പ്രതികൾ മദ്യം എത്തിച്ചതായി കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല സിഐ പി എസ് വിനോദ്, എസ് ഐമാരായ സലീം, എം ആർ സുരേഷ്, ഉണ്ണി, എഎസ്‌ഐ ബി സാബു, സിപിഒമാരായ അരുൺ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നും ലഭിച്ച മദ്യത്തിന്റെ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.