ലോക്ക് അഴിച്ചാലും കാര്യമില്ല: കോട്ടയത്ത് സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും ഓടില്ല: ഓട്ടോറിക്ഷകൾക്ക് ഓടാം; സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ വീണ്ടും ലോക്കിടുമെന്നു ജില്ലാ കളക്ടർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ലോക്ക് അഴിച്ചാലും ജില്ലയിൽ പൊതുഗതാഗത സംവിധാനങ്ങൾ നേരായ വഴിയിൽ തിരികെ എത്തില്ല. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തില്ലെന്നു വ്യക്തമാക്കിയതോടെയാണ് സാധാരണക്കാർക്ക് വീട്ടിനുള്ളിൽ തന്നെ ലോക്ക് ഡൗണായി ഇരിക്കേണ്ടി വരുമെന്ന് ഉറപ്പായത്. സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്താമെങ്കിലും, കർശനമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഏപ്രിൽ 21 മുതൽ ജില്ലയിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ സ്വകാര്യ – കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്തുന്നതിന് ഇളവ് അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ജില്ലയിൽ സ്വകാര്യ ബസുകൾ ഓടില്ലെന്നു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ലാത്തതിനാൽ സർവീസ് നടത്തില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവീസുകളും ഉണ്ടാകില്ല.
എന്നാൽ, ഓട്ടോറിക്ഷകൾക്കു സർവീസ് നടത്തുന്നതിനു നിലവിലെ ഇളവ് പ്രകാരം അനുവാദം നൽകിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്നാണ് ചട്ടം. ഈ ചട്ടം പാലിച്ചാവും ഓട്ടോറിക്ഷകൾ സർവീസ് നടത്തുക. ഓട്ടോറിക്ഷകൾക്കു സ്റ്റാൻഡുകളിൽ കിടന്നു യാത്രക്കാരെ സ്വീകരിക്കുന്നതിനും അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, ബസ് ട്രെയിൻ സർവീസുകളില്ലാതെ ഓട്ടോറിക്ഷകൾ സർവീസ് നടത്തിയിട്ട് കാര്യമുണ്ടോ എന്നതാണ് ചോദ്യം. ഹോട്ടലുകൾ തുറന്നു പ്രവർത്തിപ്പിക്കുമെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, നിയന്ത്രണങ്ങളിൽ ഇപ്പോഴുള്ള ഇളവ് ഏതു സാഹചര്യത്തിൽ വേണമെങ്കിലും തിരികെ എടുക്കാനുള്ള അധികാരം ജില്ലാ കളക്ടർക്കുണ്ടെന്നു ജില്ലാ കളക്ടർ പി.കെ സുധീർ ബാബു അറിയിച്ചു. നിലവിൽ നൽകിയിരിക്കുന്നത് നിയന്ത്രണങ്ങളിൽ ഇളവ് മാത്രമാണ്. ഇത് ദുരുപയോഗം ചെയ്യാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഈ ഇളവുകൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ വീണ്ടും ലോക്ക് ഡൗണിലേയ്ക്കു തിരികെ പോകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.