ലോക്ക് ഡൗൺ ലംഘിച്ച് അദ്ധ്യാപികയെ അതിർത്തി കടത്തിയ സംഭവം: ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപിക കംന ശർമ്മയെ മുത്തങ്ങ അതിർത്തിവഴി കർണാടകയിലേക്ക് കടത്തിവിട്ട സംഭവത്തിൽ തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് ഡിവൈഎസ്പി വിഎസ് ദിനരാജിനെതിരെ നടപടിയെടുക്കുന്നതിന് മുന്നോടിയായുള്ള വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
തിരുവനന്തപുരം മുതൽ മുത്തങ്ങ വരെയുള്ള യാത്രയ്ക്ക് കംന ശർമ്മയ്ക്ക് ദിനരാജ് പാസ് നൽകിയിരുന്നില്ലെന്നും അവർ ഹാജരാക്കിയ സത്യവാങ്മൂലത്തിൽ ഒപ്പിട്ട് നൽകുകയാണ് ചെയ്തതെന്നും ഉത്തരമേഖലാ ഐജി കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സത്യവാങ്മൂലം ഒപ്പിട്ടു നൽകുന്നതിന് പകരം, അദ്ധ്യാപികയെ അവർ താമസിക്കുന്ന തിരുവനന്തപുരം നഗരത്തിലെ പൊലീസ് കമ്മിഷണറുടെ അടുത്തേക്ക് അയയ്ക്കുകയായിരുന്നു ഡിവൈഎസ്പി ചെയ്യേണ്ടിയിരുന്നതെന്നും ഐജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, അച്ചടക്ക നടപടിയെടുക്കണമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കാരിന് ശുപാർശ നൽകി. ഡിവൈഎസ്പി അധികാര ദുർവിനിയോഗവും ഉത്തരവാദിത്വമില്ലായ്മയും കാട്ടിയെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യമായതായി അന്വേഷണത്തിന് നിർദ്ദേശിച്ചുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിലുണ്ട്.
ഏപ്രിൽ 21ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അദ്ധ്യാപികയെയും മകനെയും കോഴിക്കോട് ജില്ലയിലെ അടിവാരത്ത് നിന്ന് എക്സൈസ് സിഐയുടെ ഔദ്യോഗിക വാഹനത്തിൽ കയറ്റിക്കൊണ്ട് പോയത്. മുത്തങ്ങ ചെക്ക് പോസ്റ്റ് വരെ യാത്ര ഈ വാഹനത്തിലായിരുന്നു യാത്ര. ഡൽഹിയിലെത്താനാണ് അദ്ധ്യാപിക ഈ വഴി സ്വീകരിച്ചത്. ജില്ല വിട്ട് പോകണമെങ്കിൽ കളക്ടറാണ് അനുമതിപത്രം നൽകേണ്ടതെന്നിരിക്കെയാണ് ഡിവൈഎസ്പിയുടെ നിയമ വിരുദ്ധമായ നടപടി.