ലോക്ക് ഡൗൺ : മധുരയിൽ നിന്ന് റെയിൽപ്പാളത്തിലൂടെ നടന്നുവന്ന ആളെ റെയിൽവേ പൊലീസ് പിടികൂടി:പാളത്തിനരികിലെ വീടുകളിൽ നിന്നും ലഭിച്ച ഭക്ഷണം കഴിച്ചു; ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മധുരയിൽനിന്ന് റെയിൽപ്പാളത്തിലൂടെ നടന്നുവന്ന ആളെ റെയിൽവേ പൊലീസ് പിടികൂടി. എരുമേലി കനകപാളയം കുന്നിൽ ഹൗസിൽ പ്രസാദി(68)നെയാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപംവച്ച് പിടികൂടിയത്.
രാമേശ്വരം ക്ഷേത്രത്തിൽ പോയശേഷം മടങ്ങുകയായിരുന്നുവെന്നാണ് പറഞ്ഞത്. കഴിഞ്ഞ മാസം 14 ന് മാനാമധുരയിൽനിന്നാണ് റെയിൽവേ ട്രാക്കിൽ കയറിതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. അന്നുമുതൽ ട്രാക്കിലൂടെയായിരുന്നു യാത്ര. രാത്രിയിൽ സമീപത്തുള്ള ക്ഷേത്രങ്ങളിലും മറ്റും തങ്ങി. പാളത്തിനരികിലെ വീടുകളിൽനിന്നു ലഭിച്ച ഭക്ഷണം കഴിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തു നിന്നു കോട്ടയം ഭാഗത്തേക്കു നടന്ന് തുടങ്ങിയപ്പോഴാണ് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ സംരക്ഷണസേന ഓഫീസർ എം ടി ജോസഫിന്റെ ശ്രദ്ധയിൽപ്പെട്ടത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ നിരീക്ഷിക്കേണ്ടതുള്ളതിനാൽ ആർ പി എഫ്. ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു.
തുടർന്ന് നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. സന്ന്യാസിയെന്ന് അവകാശപ്പെട്ട ഇയാൾ തുടർച്ചയായി ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ടെന്ന് പൊലീസിനോട് വ്യക്തമാക്കി.