
ലോക്ക് ഡൗൺ മുതലെടുത്ത് ആളില്ലാകല്യാണം..! കണ്ണൂരുകാരൻ ഏറ്റുമാനൂരിലെത്തി രണ്ടാം കെട്ട് കെട്ടി; രണ്ടാമത് കണ്ടത് ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട പെൺകുട്ടിയെ; കെട്ടിന്റെ കഥ കേട്ട് ആദ്യ ഭാര്യ ഓടിയെത്തി; രണ്ടാം കെട്ടുകാരൻ രണ്ടാം ഭാര്യയുമായി മുങ്ങി; ഫെയ്‌സ്ബുക്കിലെ പ്രണയവീരൻ കേസിൽ കുടുങ്ങി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഫെയ്‌സ്ബുക്ക് പ്രണയത്തിൽ കുടുങ്ങി, ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രഹസ്യമായി രണ്ടാം വിവാഹം ചെയ്യാനെത്തിയ യുവാവ് രണ്ടാം കെട്ടുകാരിയുമായി മുങ്ങി. ആദ്യ ഭാര്യയായ തിരുവല്ല സ്വദേശിനി അന്വേഷിച്ച് എത്തിയതോടെയാണ് രണ്ടാം കെട്ടുകാരിയെയും തോളിലെടുത്ത് കണ്ണൂർ സ്വദേശിയെന്നു പരിചയപ്പെടുത്തിയ യുവാവ് മുങ്ങിയത്. ആദ്യഭാര്യയുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തതോടെ യുവാവും രണ്ടാം കെട്ടിലെ യുവതിയും പുലിവാൽ പിടിച്ചു.
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാനായാണ് കണ്ണൂർ സ്വദേശിയെന്നു പരിചയപ്പെടുത്തിയ യുവാവ് കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ എത്തിയത്. ഫെയ്‌സ്ബുക്കിലൂടെ രണ്ടു മാസം മുൻപാണ് യുവാവ് യുവതിയെ പരിചയപ്പെടുന്നത്. തുടർന്നു, ബന്ധുക്കളുമായി സംസാരിച്ചു ലോക്ക് ഡൗൺ കാലമായതിനാൽ അധികം ആളുകളില്ലാതെ വിവാഹം കഴിക്കാൻ ധാരണയിൽ എത്തിച്ചേർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുപത് വയസുകഴിഞ്ഞ മാതാപിതാക്കളെ വിവാഹത്തിന് എത്തിക്കാനാവില്ലെന്ന ലോക്ക് ഡൗൺ ആനൂകൂല്യം മുതലെടുത്ത യുവാവ്, യുവതിയുടെ വീട്ടിലേയ്ക്കു വിവാഹ ദിവസം സുഹൃത്തുക്കളുമായാണ് എത്തിയത്. അൻപതിൽ താഴെ ആളുകളെ പങ്കെടുപ്പിച്ച് ജൂൺ 14 ന് യുവതിയും തട്ടിപ്പുകാരനായ യുവാവുമായുള്ള വിവാഹവും നടന്നു.
കൊവിഡ് കാരണം യാത്ര ചെയ്യാനാവില്ലന്നു വീട്ടുകാരെ വിശ്വസിപ്പിച്ച യുവാവ് ഇയാളുടെ രണ്ടാം കെട്ടിലുള്ള ഭാര്യയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. പെൺവീട്ടിൽ സുഖവാസം തുടരുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെ ഇയാളുടെ ഭാര്യ യുവാവിനെ അന്വേഷിച്ച് ഏറ്റുമാനൂരിൽ എത്തി. സംഭവം അറിഞ്ഞ യുവാവ് ഉടൻ തന്നെ രണ്ടാം കെട്ടിലെ പെൺകുട്ടിയെയുമായി നാടുവിടുകയായിരുന്നു.
തന്റെ ഭർത്താവ് തന്നെയാണ് വ്യാജ പേരിൽ ഏറ്റുമാനൂരിൽ രണ്ടാം കെട്ടുകെട്ടി ഭാര്യവീട്ടിൽ സുഖമായി കഴിയുന്നത് എന്നു തിരുവല്ല സ്വദേശിയായ യുവതി തിരിച്ചറിഞ്ഞു. ഇതോടെ ബന്ധുക്കളെയുമായി എത്തിയ യുവതി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു. യുവാവിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.