ലോക്ക് ഡൗണിൽ വീട്ടിലിരിക്കാൻ പറഞ്ഞതിന് യുവാക്കൾക്കു നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം: കഞ്ചാവിന്റെ ലഹരിയിൽ യുവാക്കളെ ആക്രമിച്ചു വീഴ്ത്തിയ സംഘത്തിലെ രണ്ടു പേർ പിടിയിൽ; പിടിയിലായത് കഞ്ചാവ് ഇടപാടുകാരൻ കുഞ്ഞാവയുടെ ഗുണ്ടാ സംഘാംഗങ്ങൾ
ക്രൈം ഡെസ്ക്
കുറവിലങ്ങാട്: ലോക്ക് ഡൗൺ ലംഘിച്ച് പുരയിടത്തിനു സമീപം കളിച്ച യുവാക്കളോട്, കളിക്കരുതെന്ന് ആവശ്യപ്പെട്ടവർക്കു നേരെ ആക്രമണം നടത്തിയ കഞ്ചാവ് മാഫിയ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ.
കഞ്ചാവ് മാഫിയ സംഘാംഗമായ കുഞ്ഞാവയുടെ സംഘത്തിലെ അതിരമ്പുഴ കോട്ടമുറി വേമല മുകളിൽ ഉദയകുമാറിന്റെ മകൻ അനുജിത്ത് കുമാർ (19), പടിഞ്ഞാറ്റുംഭാഗം മാടപ്പള്ളിയിൽ വീട്ടിൽ ബെന്നിയുടെ മകൻ ബിബിൻ ബെന്നി (19) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ കാണക്കാരി ചാത്തമല ഭാഗത്തായിരുന്നു കേസിനാസ്പദമായ സംഭവം. ബിബിൻ ബെന്നി, അനുജിത്ത് കുമാറും കുഞ്ഞാവയും അടക്കമുള്ള സംഘം ചാത്തമല ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് കളിക്കുകയായിരുന്നു.
ഈ സമയം ഇതുവഴി എത്തിയ മൂന്നു യുവാക്കൾ ഇവരോട് ലോക്ക് ഡൗണാണെന്നും കളിക്കരുതെന്നും വീട്ടിലേയ്ക്കു പോകണമെന്നും ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നു ജോബ്, എബിൻ , അലൻ എന്നിവരും പ്രതികളുമായി വാക്കേറ്റമുണ്ടാകുകയും കയ്യാങ്കളിലേയ്ക്കു കാര്യങ്ങൾ എത്തുകയും ചെയ്തു.
ഇവിടെ നിന്നും മടങ്ങിയ യുവാക്കളെ കഞ്ചാവ് മാഫിയ സംഘം പിൻതുടർന്നു ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മൂന്നു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്നു മൂന്നു പേരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.