ഉപ്പയെ കാണണമെന്ന് വാശിപ്പിടിച്ച് മൂന്നുവയസുകാരി ; 25 ദിവസത്തിന് ശേഷം ഇനിയക്ക് ഉപ്പ ഓടിക്കുന്ന 108 ആംബുലൻസ് ദൂരെ നിന്നും കാണിച്ച് കൊടുത്ത് ഉമ്മ : കൊറോണക്കാലത്ത് ആരുടെയും കരളലയിപ്പിക്കുന്ന കാഴ്ച മഞ്ചേരിയിൽ
സ്വന്തം ലേഖകൻ
മഞ്ചേരി: കൊറോണക്കാലത്ത് അക്ഷീണം പരിശ്രമിക്കുന്നലവരാണ് ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെയുള്‌ഴ ആരോഗ്യ പ്രവർത്തകർ. കോവിഡ് സെന്ററുകൾ പ്രവർത്തിക്കുന്ന ഈ ആരോഗ്യ പ്രവർത്തകരെല്ലാം തന്നെ കുടുംബത്തിന്റെ സുരക്ഷയെ കരുതി വീട്ടിലേക്ക് പോകാറില്ല.
കുഞ്ഞ് മക്കളെ പോലും കാണാനാവതെയാണ് ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നത്. മുലപ്പാൽ പോലും കുടിക്കാനാവാതെ തേങ്ങുന്ന കുഞ്ഞു മനസ്സുകളുടെയും കരളലിയിപ്പിക്കുന്ന വാർത്തകൾ സംസ്ഥാനത്തിന്റെ പലയിടത്തും നിന്നും വരികയും ചെയ്യുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
25 ദിവസമായി കാണാത്ത ഉപ്പയെ കാണണമെന്ന് വാശി പിടിക്കുന്ന മൂന്ന് വയസ്സുകാരി ഇനിയയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായി മാറിയിരിക്കുന്നത്. മകളുടെ ആഗ്രഹം വാശിയായി മാറിയതോടെ ഉപ്പ ഓടിക്കുന്ന 108 ആംബുലൻസ് ദൂരെ നിന്നു കാണിച്ചു കൊടുത്തു മകളെ സന്തോഷിപ്പിക്കുകയാണ് ഉമ്മ ചെയ്തത്.
സ്വന്തം മകളെ ദൂരെ നിന്നും കണ്ട സഗീറിന്റെ കണ്ണും നിറഞ്ഞു. കോവിഡ് കാലത്തെ ഈ സങ്കടക്കാഴ്ച ആ ഉമ്മയുടെയും ഉപ്പയുടെയും മാത്രമല്ല ഏവരുടെയും കണ്ണ് നിറയിക്കുന്ന കാഴ്ചയാണ്.
പെരിന്തൽമണ്ണയിലെ 108 ആംബുലൻസ് ജീവനക്കാരനായ വറ്റല്ലൂർ പള്ളിപ്പറമ്പിൽ സഗീർ വീട്ടിൽ പോയിട്ട് 25 ദിവസം കഴിഞ്ഞു. ഫോൺ മുഖേന ആണു വീട്ടുകാരുമായി ബന്ധം. ഏക മകൾ ഉപ്പയെ കാണാൻ വാശി പിടിക്കുമ്പോൾ നാളെ വരും പറഞ്ഞു ഭാര്യ ആശ്വസിപ്പിക്കുകയായിരുന്നെന്നും സാഗീർ പറഞ്ഞു.
തുടർന്ന് കഴിഞ്ഞ ദിവസം പുലാമന്തോൾ ഭാഗത്തുനിന്നു രോഗിയെ കൊണ്ടു വരുമ്പോൾ വീടിനു സമീപത്തുകൂടെ പോകുന്ന വിവരം ഭാര്യയെ വിളിച്ചു പറയുകായിരുന്നു.
സാഗീർ ആംബുലൻസുമായി എത്തുമ്പോൾ വീടിനു മുന്നിൽ മകളും ഭാര്യയും കാത്തിരുന്നു. കൂടെ രോഗി ഉള്ളതിനാൽ വണ്ടി നിർത്താതെ ഒന്നു കൈ വീശിക്കാണിച്ചു യാത്ര തുടരുകയായിരുന്നെന്നും സാഗീർ പറഞ്ഞു.