play-sharp-fill
പ്രധാനമന്ത്രി നാളെ രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും ; രാജ്യം രണ്ടാഴ്ച കൂടി അടച്ചിടുമെന്ന് സൂചന

പ്രധാനമന്ത്രി നാളെ രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും ; രാജ്യം രണ്ടാഴ്ച കൂടി അടച്ചിടുമെന്ന് സൂചന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തവത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നീളുമോ എന്ന കാര്യം നളെ അറിയാം. നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗൺ അവസാനിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന കാര്യം നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക് ഡൗൺ നീട്ടാൻ തീരുമാനിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ചില മേഖലകൾക്ക് മാത്രം പരിമിതമായ തോതിൽ ഇളവു നൽകിയായിരിക്കും ലോക് നീട്ടുക എന്നായിരുന്നു തീരുമാനിച്ചിരുന്നത്.

ഇതോടൊപ്പം വിവിധ മേഖലകൾക്കുള്ള ഇളവുകൾ സംബന്ധിച്ച് കേന്ദ്രം പ്രത്യേക മാർഗരേഖയുമിറക്കും. ഇക്കാര്യം പ്രധാനമന്ത്രി നാളെ പ്രഖ്യാപിച്ചേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ. അടച്ചിടൽ ദേശീയതലത്തിൽ പതിനാലിന് ശേഷം നീട്ടുമ്പോൾ കൃഷിക്കും അതുമായി ബന്ധപ്പെട്ട വ്യവസായ മേഖലയ്ക്കും ചില ഇളവുകൾ നൽകുമെന്നാണ് സൂചന.

മുഖ്യമന്ത്രിമാർ ഉന്നയിച്ച ഈ ആവശ്യത്തോട് പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്.
അടച്ചിടൽ തുടരുന്ന വേളയിൽ അന്തഃസംസ്ഥാന യാത്ര അനുവദിക്കില്ല. റെയിൽ, വ്യോമ ഗതാഗതത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണം തുടരും.

രാജ്യത്തെ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണങ്ങളിൽ ഇളവനുവദിക്കാൻ സാധ്യത. വിവിധ പ്രദേശങ്ങളെ ചുവപ്പ് , ഓറഞ്ച്, പച്ച എന്നീ മേഖലകളായി തിരിക്കാനാണ് തീരുമാനം.

കോവിഡ്19 ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളെയാണ് റെഡ് സോണായി തരംതിരിക്കുക. ഹോട്ട് സ്‌പോട്ടായ പ്രദേശങ്ങളാണിവ. രോഗം രൂക്ഷമായി ബാധിച്ചിട്ടില്ലാത്ത, അല്ലെങ്കിൽ നിലവിൽ രോഗവിമുക്തി നേടുന്ന പ്രദേശങ്ങളെ ഓറഞ്ച് സോണെന്ന് തരംതിരിക്കും. പൊതുഗതാഗതം, കാർഷിക ഉൽപന്നങ്ങളുടെ വിളവെടുപ്പ് തുടങ്ങിയ നിയന്ത്രിത പ്രവർത്തനങ്ങൾ ഈ മേഖലയിൽ അനുവദിക്കും.

വൈറസ് ബാധ ഏറ്റവും കുറവ് ബാധിച്ച പ്രദേശങ്ങൾ ഗ്രീൻ സോണായിരിക്കും. ഇവിടങ്ങളിൽ നിയന്ത്രണങ്ങൾ കുറച്ചുകൂടി ഇളവുണ്ടാകും. എന്നാൽ സാമൂഹിക അകലം ഈ മോഖലകളിൽ സാമൂഹിക അകലം നിർബന്ധമായിരിക്കും.