
കേന്ദ്രം ശാസിച്ചു, സംസ്ഥാന സർക്കാർ ഇളവുകൾ പിൻവലിച്ചു : ഇരുചക്ര വാഹനത്തിൽ രണ്ടുപേർ യാത്ര ചെയ്യരുത്, ഹോട്ടലുകളിൽ പാഴ്‌സൽ സൗകര്യം മാത്രം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക് ഡൗണിൽ സംസ്ഥാനത്ത് നൽകിയ ഇളവുകൾ പിൻവലിച്ചു. കേന്ദ്രത്തിന്റെ നിർദേശ പ്രകാരമാണ് ഇളവുകൾ തിരുത്തിയത്.
പുതിയ നിർദ്ദേശ പ്രകാരം ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല, പകരം പാഴ്‌സൽ മാത്രമാണ് ഉണ്ടാവുക. ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്യാൻ പാടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇളവുകൾ പ്രഖ്യാപിച്ചത് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്.
അതേസമയം, വർക്‌ഷോപ്പ് തുറക്കാൻ കേന്ദ്രത്തോട് അനുമതി തേടാനും തീരുമാനിച്ചു. ശനി, ഞായർ ദിവസങ്ങളിലായിരുന്നു ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിച്ചിരുന്നത്.
മാർഗനിർദേശങ്ങളിൽ കേരളം വെള്ളം ചേർത്തെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു. രോഗവ്യാപന തോത് കുറഞ്ഞ് വരുന്ന കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങൾ ഇന്ന് ഭാഗികമായി തുറന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്.
വർക്ക്‌ഷോപ്പുകൾ, ബാർബർഷോപ്പുകൾ, പുസ്തകക്കടകൾ, ഭക്ഷണശാലകൾ തുറക്കാൻ അനുവാദം നൽകിയിരുന്നു. കൂടാതെ നഗരപ്രദേശങ്ങളിൽ ചെറുകിട വ്യവസായ സ്ഥാനപനങ്ങൾക്ക് തുറക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
ഹ്രസ്വദൂരങ്ങളിലേക്ക് ബസ് സർവീസിന് അനുമതി നൽകിയതും എന്നിവ കേന്ദ്ര ചട്ടങ്ങൾക്കെതിരാണെന്നാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിലെ ഏഴ് ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ഇളവ് വരുത്തിയത്. ഇവിടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഒറ്റ-ഇരട്ട സമ്പ്രദായത്തിൽ ഓടിക്കാൻ അനുമതിയുണ്ട്.
കോവിഡ് ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം, ഇടുക്കി, ഓറഞ്ച് ബി സോണിൽ ഉൾപ്പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ എന്നീ ജില്ലകളിലാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. രാജസ്ഥാനും ഏപ്രിൽ 20 മുതൽ മെയ് മൂന്ന് വരെ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.