കുറ്റകൃത്യങ്ങളില്ലാത്ത കൊറോണക്കാലം : മോഷണക്കേസുകളും വാഹനാപകടങ്ങളും സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു ; തട്ടിക്കൊണ്ടുപോകൽ കേസ് ഒന്നുപോലും രജിസ്റ്റർ ചെയ്യാതെ ലോക് ഡൗൺ കാലവും

കുറ്റകൃത്യങ്ങളില്ലാത്ത കൊറോണക്കാലം : മോഷണക്കേസുകളും വാഹനാപകടങ്ങളും സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു ; തട്ടിക്കൊണ്ടുപോകൽ കേസ് ഒന്നുപോലും രജിസ്റ്റർ ചെയ്യാതെ ലോക് ഡൗൺ കാലവും

സ്വന്തം ലേഖകൻ

കൊല്ലം: കൊറോണയെ പ്രതിരോധിക്കാൻ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു.

ലോക് ഡൗൺ നിലവിൽവന്ന മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള സമയത്ത് പോയ വർഷത്തിന്റെ അഞ്ചിലൊന്നിൽ താഴെ കുറ്റകൃത്യങ്ങളേ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. 2019 ൽ ഈ കാലയളവിൽ 1908 ക്രിമിനൽ കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തപ്പോൾ ഇക്കൊല്ലം 378 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം മോഷണക്കേസുകളും വാഹനാപകടങ്ങളും ഇക്കാലയളവിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ തട്ടിക്കൊണ്ടുപോകൽ കേസുകളൊന്നുപോലും അടച്ചിടൽ കാലത്ത് രജിസ്റ്റർ ചെയ്തില്ല.

2019 ൽ ഈ കാലയളവിൽ മാത്രം 23 തട്ടിക്കൊണ്ടു പോകൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സമയത്ത് ആകെ 53 മോഷണ കേസുകളേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. എന്നാൽ കഴിഞ്ഞവർഷം ഇതേസമയത്ത് സംസ്ഥാനത്ത് 287 മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

ഇവയ്ക്ക് പുറമെ കൊറോണക്കാലത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും തീരെ കുറവാണ്. അടച്ചിടൽ കാലത്ത് ബലാത്സംഗമടക്കം 124 കേസുകളാണുണ്ടായത്. കഴിഞ്ഞവർഷം ഈ കാലത്ത് 611 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

.കൊല്ലമടക്കമുള്ള സംസ്ഥാനത്തെ ചില ജില്ലകളിൽ അടച്ചിടലിനുശേഷം ഒരു വാഹനാപകട കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല. പുറത്തിറങ്ങാനാകാത്തതും മദ്യലഭ്യത കുറഞ്ഞതുമാണ് കുറ്റകൃത്യങ്ങളും അപകടങ്ങളും കുറയാനുള്ള കാരണമെന്നാണ് കരുതുന്നത്.

ആളുകൾ ഒത്തുചേരുന്നില്ല എന്നതാണ് കുറ്റകൃത്യങ്ങൾ കുറയാനുള്ള പ്രധാനകാരണം. ആഘോഷങ്ങൾ, ഉത്സവങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ എന്നിവയൊന്നുമില്ല. എല്ലാവരും വീട്ടിലിരിക്കുന്നത് മോഷണങ്ങൾ പോലുള്ള കുറ്റകൃത്യങ്ങൾ കുറയാൻ കാരണമായി.