ലോക് ഡൗണിൽ തകൃതിയായി മദ്യത്തിന് പകരം വീര്യം കൂടിയ അരിഷ്ടം വിൽപന : ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആയുർവേദ മരുന്നുകൾ നൽകരുത് ; ലൈസൻസുള്ള കടകൾ മാത്രം തുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് എക്‌സൈസിന്റെ കർശന നിർദ്ദേശം
സ്വന്തം ലേഖകൻ
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകളും മദ്യശാലകളും പൂട്ടുകയും ചെയ്തിരുന്നു. ഇതോടെ മദ്യത്തിന് പകരം പലതും പരീക്ഷിക്കുന്നുമുണ്ട്.
മദ്യം കിട്ടാതയതോടെ മദ്യത്തിന് പകരം കഴിക്കാൻ സംസ്ഥാനത്ത് അരിഷ്ടം വിൽപന തകൃതിയായി പുരോഗമിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഡോക്ടർമാരുടെ കുറിപ്പില്ലാതെ ആയുർവേദ മരുന്ന് വിൽപന പാടില്ലെന്ന മുന്നറിയിപ്പുമായി എക്‌സൈസ് ഉദ്യോഗസ്ഥരും രംഗത്ത് എത്തിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യത്തിന് പകരമായി വീര്യം കൂടിയ അരിഷ്ടങ്ങൾ കലർത്തി ചില മരുന്നുകട ഉടമകൾ വിൽപന നടത്തുന്നതായ പരാതിയിലാണ് എക്‌സൈസ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. അംഗീകൃത ലൈസൻസുള്ള ആയുർവേദ മരുന്ന് കടകൾ മാത്രം തുറന്ന് പ്രവർത്തിച്ചാൽ മതിയെന്നാണ് നിർദേശം.
കൂടിയ അളവിൽ മദ്യം അടങ്ങിയിട്ടുള്ള ആയുർവേദ മരുന്നുകൾ ഒരുമിച്ച് ചേർത്താണ് ചിലർ അരിഷ്ട വിൽപന നടത്തുന്നത്. കൂടാതെ കഷായമെന്ന പേരിൽ ഡോക്ടറുടെ കുറിപ്പില്ലാതെ തന്നെ മരുന്ന് വിതരണം ചെയ്യുന്നതായും എക്‌സൈസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
മദ്യലഭ്യത കുറഞ്ഞതിന് പിന്നാലെയുള്ള അരിഷ്ട വിൽപന നിയമവിരുദ്ധമാണ്. അളവിലെ വ്യത്യാസം കൂടുതൽ അപകടങ്ങൾക്കിടയാക്കും. നിയമലംഘനം തുടർന്നാൽ കേസെടുക്കുംമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് നഗരത്തിൽ മൂന്നിടങ്ങളിൽ വ്യത്യസ്ത ചേരുവകൾ ചേർത്ത് അരിഷ്ട വിൽപന നടത്തുന്നതായി കണ്ടെത്തിയിരുന്നു. ചിലയിടങ്ങളിൽ കടയിലിരുന്ന് തന്നെ കുടിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തുകയും ചെയ്ത് വരുന്നുണ്ടായിരുന്നു. ഇതും എക്‌സൈസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.