
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചെറിയതുറയില്‍ സ്വയംസഹായ സംഘങ്ങളുടെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച് 25 ലക്ഷം രൂപയുടെ ബാങ്ക് വായ്പയെടുത്ത് തട്ടിപ്പു നടത്തിയതായി പരാതി. 20 വീട്ടമ്മമാര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ തരപ്പെടുത്താമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംരംഭങ്ങള്‍ തുടങ്ങാന്‍ വീട്ടമ്മമാരെ ഉള്‍പ്പെടുത്തി സംഘങ്ങള്‍ രൂപവത്കരിച്ച ചെറിയതുറ സ്വദേശി ഗ്രെയ്സിയാണ് മുഖ്യ ആസൂത്രക.
ഇരുപതുപേരുള്ള അഞ്ച് സംഘങ്ങളുടെ പേരില്‍ ഇന്ത്യന്‍ ബാങ്കിന്റെ ഈഞ്ചയ്ക്കല്‍ ശാഖയില്‍നിന്ന് 25 ലക്ഷം രൂപ വായ്പ എടുത്താണ് തട്ടിപ്പ്. ഇന്ത്യന്‍ ബാങ്കിന്റെ പരാതിയിലാണ് ഫോര്‍ട്ട് പോലീസ് കേസെടുത്തത്. ഈ തുക പൂവച്ചല്‍ സ്വദേശിയായ അനീഷിന്റെ അക്കൗണ്ടിലേക്കാണ് പോയത്. തിരിച്ചടവു മുടങ്ങിയ അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിച്ചതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വീട്ടമ്മമാര്‍ മനസ്സിലാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്ങളുടെ അറിവില്ലാതെയാണ് ഗ്രേസിയും സംഘവും വായ്പ തട്ടിയെടുത്തതെന്നാണ് ഇവര്‍ പറയുന്നത്.പണം തിരിച്ചടച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഇന്ത്യന്‍ ബാങ്ക്. ഇതോടെ ആത്മഹത്യയുടെ വക്കിലാണെന്നും വീട്ടമ്മമാര്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത ഫോര്‍ട്ട് പോലീസ് അന്വേഷണം തുടങ്ങി. ഗ്രേസി, അനീഷ്, അനു, അഖില, ഇന്ത്യന്‍ ബാങ്ക് മാനേജര്‍ രാജേഷ് എന്നിവരെ പ്രതിചേര്‍ത്താണ് കേസ്.