
സ്വന്തം ലേഖകൻ
കടുത്തുരുത്തി: സഹകരണ സംഘത്തില്‍നിന്നും ബാങ്കില്‍നിന്നും തങ്ങള്‍ എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയില്‍നിന്നു സമന്‍സ്.
തങ്ങള്‍ ഒരു രൂപ പോലും എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടു ബാങ്കില്‍നിന്നും സഹകരണ സ്ഥാപനത്തില്‍നിന്നും കോടതിയില്‍ നിന്നുമെല്ലാം നോട്ടീസ് ലഭിച്ചതായി വീട്ടമ്മമാർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍ വനിതാ ജനപ്രതിനിധിയുടെയും മുന്‍ ബാങ്ക് മാനേജരുടെയും നേതൃത്വത്തില്‍ വീട്ടമ്മമാരുള്‍പ്പെടെ സാധാരണക്കാരായ നൂറുകണക്കിനാളുകളെയാണ് കബളിപ്പിച്ച് ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. പരാതിയില്‍ അന്വേഷണം പോലീസ് അന്വേഷണം ആരംഭിച്ചു.
മാഞ്ഞൂര്‍ നിവാസികളായ വീട്ടമ്മമാരാണ് കബളിപ്പിക്കപ്പെട്ടതായി കാണിച്ചു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു മാഞ്ഞൂര്‍ പഞ്ചായത്ത് മുന്‍ മെംബറായ സൂസന്‍ ഗര്‍വാസീസ്, ഗ്രാമീണ്‍ ബാങ്ക് കുറുപ്പന്തറ ശാഖയുടെ മുന്‍ മാനേജരായിരുന്ന വിജയന്‍, മാഞ്ഞൂര്‍ പഞ്ചായത്ത് സിഡിഎസ് മുന്‍ ഭാരവാഹിയായിരുന്ന ശ്രീദേവി എന്നിവര്‍ക്കെതിരേ വീട്ടമ്മമാര്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു.
ബാങ്കില്‍നിന്നുള്ള വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം പേര്‍ക്കാണ് സമന്‍സ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു. ആദ്യം വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ ആറു മാസത്തിനകം പണം തിരിച്ചടച്ചു കൊള്ളാമെന്നു അറിയിച്ചു സൂസന്‍ ഗര്‍വാസീസ് മുദ്രപത്രത്തില്‍ എഴുതി നല്‍കിയെന്നും എന്നാല്‍ സമന്‍സ് വന്നതോടെ മറ്റു മാര്‍ഗമില്ലാതായതോടെ പരാതി നല്‍കുകയായിരുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു.
2017 ലാണ് തട്ടിപ്പിന് തുടക്കം കുറിച്ചതെന്നു പരാതിയില്‍ പറയുന്നു. ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിന് ഒപ്പം വരണമെന്നും വേണ്ടി വന്നാല്‍ സാക്ഷിയായി ഒപ്പിടണമെന്നും ആവശ്യപ്പെട്ടാണ് ബാങ്കുമായി ബന്ധപ്പെട്ടു തട്ടിപ്പ് നടത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു.
കോതനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കടുത്തുരുത്തി ബ്ലോക്ക് വനിതാസഹകരണ സംഘം, ഗ്രാമീണ്‍ ബാങ്കിന്‍റെ കുറുപ്പന്തറ ശാഖ എന്നിവയുമായി ബന്ധപ്പെട്ടാണ് വായ്പ എടുത്തിരിക്കുന്നത്. വനിതകളുടെ പേരില്‍ ജെഎല്‍ജി (ജോയിന്‍റ് ലയബലിറ്റി ഗ്രൂപ്പ്) വായ്പയാണ് എടുത്തിരിക്കുന്നത്.
തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങള്‍ക്കു പരസ്പര ജാമ്യത്തില്‍ സ്വയം സംരഭം തുടങ്ങുന്നതിനോ കൃഷിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ ലഭിക്കുന്ന വായ്പയിലാണ് വ്യാപകമായി കൃത്രിമം നടന്നിരിക്കുന്നത്.
ആധാര്‍ കാര്‍ഡ്, ഫോട്ടോ എന്നിവ മാത്രം നല്‍കിയാല്‍ ഇത്തരം വായ്പകള്‍ ലഭിക്കും. മറ്റു ഈടുകളൊന്നും ഈ വായ്പകള്‍ക്ക് ആവശ്യമില്ല. വായ്പ എടുക്കുന്നതിന് ആവശ്യക്കാര്‍ ഒപ്പിട്ടു നല്‍കിയാല്‍ മതി. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം എങ്ങനെ നടത്തിയെന്നും വ്യാപകമായി നടത്തിയ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തി തങ്ങള്‍ക്കു നീതി കിട്ടണമെന്നാവശ്യപ്പെട്ടാണ് വീട്ടമ്മമാര്‍ പരാതി നല്‍കിയിരിക്കുന്നത്.
ഓരോ വ്യക്തിയുടെയും പേരില്‍ 50,000 രൂപയുടെ വായ്പയാണ് എടുത്തിരിക്കുന്നത്. എന്നാലിപ്പോള്‍ ഈ തുക ഇരട്ടിയിലേറേയായി. സംഘത്തില്‍ സഹകരണസംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ നടത്തിയ പരിശോധനയെത്തുര്‍ന്നാണ് കുടിശികകാര്‍ക്കു തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടു നോട്ടീസ് അയച്ചത്. പരാതിക്കാര്‍ പത്രസമ്മേളനം നടത്തിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.
കോതനല്ലൂര്‍: ഗ്രാമീണ്‍ ബാങ്കില്‍നിന്നു കടുത്തുരുത്തി ബ്ലോക്ക് വനിതാസഹകരണ സംഘത്തില്‍നിന്നും വായ്പയെടുത്തിട്ടുണ്ടെന്നും ഈ തുക തിരിച്ചടച്ചു കൊള്ളാമെന്നു രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും സൂസൻ ഗര്‍വാസീസ്. ഗ്രാമീണ്‍ ബാങ്കില്‍നിന്ന് ആറ് ജെഎല്‍ജി ഗ്രൂപ്പുകളുടെ പേരില്‍ 15 ലക്ഷം രൂപയും സഹകരണ സംഘത്തില്‍നിന്ന് എട്ട് ലക്ഷം രൂപയുമാണ് വായ്പയെടുത്തിരിക്കുന്നത്.
2017ല്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ 2020 വരെ പുതുക്കിയിരുന്നു. എന്നാല്‍, പിന്നീട് സാമ്ബത്തിക പ്രതിസന്ധിയെത്തുടര്‍ന്നു പുതുക്കാനായില്ല. അതിപ്പോള്‍ പലിശ ഉള്‍പ്പെടെ 25 ലക്ഷത്തോളമായിട്ടുണ്ട്.
സംഘത്തില്‍നിന്ന് എടുത്ത വായ്പ പലിശ ഉള്‍പ്പെടെ ഇപ്പോള്‍ 18 ലക്ഷത്തോളമായെന്നും സൂസൻ പറഞ്ഞു. എന്നാല്‍, പോലീസിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്ന് ബാങ്കിലെ പണം അടച്ചു വീട്ടാൻ ആറു മാസത്തെ സാവകാശം നല്‍കണമെന്നും അതിനുള്ളില്‍ അടച്ചു തീര്‍ക്കാമെന്നും കാണിച്ചു മുദ്രപത്രത്തില്‍ ആളുകള്‍ക്ക് എഴുതി നല്‍കിയിരുന്നു.
സംഘത്തിലെ പണം തിരിച്ചടയ്ക്കാന്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടു സഹകരണസംഘം അധികൃതര്‍ക്കും രേഖാമൂലം എഴുതി നല്‍കിയിരുന്നതായി സൂസന്‍ ഗര്‍വാസീസ് പറയുന്നു. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ തന്നെ അപമാനിക്കാനാണെന്നും അവര്‍ ആരോപിച്ചു. താന്‍ മാത്രമല്ല പലരും വായ്പയെടുത്തു തിരിച്ചടവ് മുടങ്ങിയെങ്കിലും ഇതൊന്നും ആര്‍ക്കും പ്രശ്‌നമല്ലെന്നുമാണ് സൂസന്‍റെ ആരോപണം.



