270 കോടി ലോണെടുത്ത് മുങ്ങി;കുവൈറ്റിലെ ബാങ്കിനെ പറ്റിച്ച് മലയാളികൾ; പരാതിയുമായി അൽ അഹ്ലി ബാങ്ക്;കൂടുതൽ കേസുകൾ കോട്ടയത്ത്

Spread the love

കൊച്ചി: കുവൈത്തിലെ ബാങ്കിൽ നിന്നും ലക്ഷങ്ങൾ ലോൺ എടുത്ത് മലയാളികൾ മുങ്ങിയതായി പരാതി. എറണാകുളം, കോട്ടയം ജില്ലകളിലായി 12 കേസുകൾ രജിസ്റ്റർ ചെയ്തു. കുവൈറ്റിൽ ജോലി നേടിയ ശേഷം 65 ലക്ഷം മുതൽ ഒരു കോടി വരെ ലോൺ എടുത്തു മുങ്ങിയെന്നാണ് പരാതി. കുവൈറ്റിലെ അൽ അഹ്‌ലി ബാങ്ക് സിഇഒ ഡിജിപിക്കാണ് പരാതി നൽകിയത്.

കുവൈത്ത് ലോൺ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് രജിസ്ട്രർ ചെയ്ത കേസുകളുടെ എണ്ണം. കോട്ടയം ജില്ലയിലാണ് കൂടുതൽ കേസുകൾ. എട്ടുകേസുകളിലായി ആകെ ഏഴരക്കോടി രൂപയുടെ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തു. വൈക്കത്ത് 86.65 ലക്ഷം രൂപയുടെ തട്ടിപ്പിൽ പടിഞ്ഞാറേ നട സ്വദേശി ജിഷയാണ് പ്രതി.

കീഴൂർ സ്വദേശി റോബി മാത്യുവിനെയാണ് വെള്ളൂർ പൊലീസ് രജിസ്റ്റർ ചെയ്ത 61 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഏറ്റവും കൂടിയ തുകയുടെ തട്ടിപ്പ് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത 1.20 കോടിയുടെതാണ്. പ്രിയദർശൻ എന്ന വ്യക്തിക്കെതിരെയാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർകുന്നം – 81 ലക്ഷം, കടുത്തുരുത്തിയിൽ 80 ലക്ഷത്തിന്റെ തട്ടിപ്പിനും കേസെടുത്തു. കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ, കടുത്തുരുത്തി സ്വദേശി റെജിമോൻ എന്നിവരാണ് പ്രതികൾ. ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെയാണ് കുറവിലങ്ങാട് പൊലീസിന്റെ കേസുകൾ.

73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം എന്നീ രൂപയുടെ തട്ടിപ്പ് പ്രതികൾ നടത്തിയതായാണ് എഫ്‌ഐആർ. എറണാകുളം, മൂവാറ്റുപുഴ , കോതമംഗലം എന്നിവിടങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസുകൾ.