ലിവിങ് ടുഗെദര്‍ നിയമവിരുദ്ധമല്ല, പങ്കാളികള്‍ക്ക് ഭീഷണിയുണ്ടായാല്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണം: അലഹബാദ് ഹൈക്കോടതി

Spread the love

ലഖ്‌നൗ: ലിവിങ് ഇൻ റിലേഷൻഷിപ്പുകള്‍ നിയമവിരുദ്ധമല്ലെന്നും ഇത്തരം ബന്ധങ്ങളില്‍ ഏർപ്പെടുന്നവർക്ക് സംരക്ഷണം നല്‍കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അലഹബാദ് ഹൈക്കോടതി.

video
play-sharp-fill

വിവാഹം കഴിക്കാതെ ഒന്നിച്ച്‌ ജീവിക്കുന്നത് കുറ്റകരമല്ലെന്ന് വ്യക്തമാക്കിയ കോടതി, പങ്കാളികള്‍ക്ക് ഭീഷണിയുണ്ടായാല്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കാനും നിർദ്ദേശിച്ചു.

ലിവിങ് ഇൻ റിലേഷൻഷിപ്പില്‍ കഴിയുന്ന 12 സ്ത്രീകള്‍ സമർപ്പിച്ച ഹർജികള്‍ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് വിവേക് കുമാർ സിംഗ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. തങ്ങളുടെ തിരഞ്ഞെടുപ്പിനെ കുടുംബാംഗങ്ങളും മറ്റും എതിർക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സ്ത്രീകള്‍ കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിവിങ് ഇൻ റിലേഷൻഷിപ്പ് എന്ന സങ്കല്‍പ്പം എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ലായിരിക്കാം, എന്നാല്‍ അത് നിയമവിരുദ്ധമാണെന്നോ വിവാഹത്തിന്റെ പവിത്രതയില്ലാതെ ജീവിക്കുന്നത് കുറ്റകരമാണെന്നോ പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

2005-ലെ ഗാർഹിക പീഡന നിരോധന നിയമം പോലും ഇത്തരം ബന്ധങ്ങളെ അംഗീകരിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ നിയമത്തില്‍ ‘ഭാര്യ’ എന്ന പദത്തിന് പകരം ‘സ്ത്രീ’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്, ഇത് വിവാഹേതര ബന്ധങ്ങളിലെ സ്ത്രീകള്‍ക്കും സംരക്ഷണം ഉറപ്പാക്കാനാണെന്ന് കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും വിവാഹിതരാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതല്ല. പ്രായപൂർത്തിയായ രണ്ട് വ്യക്തികള്‍ ഒന്നിച്ച്‌ ജീവിക്കാൻ തീരുമാനിച്ചാല്‍ അതില്‍ ഇടപെടാൻ കുടുംബാംഗങ്ങള്‍ക്കോ മറ്റുള്ളവർക്കോ അവകാശമില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ലിവിങ് ഇൻ ബന്ധങ്ങളില്‍ ഏർപ്പെടുന്നവർക്ക് പൊലീസ് സംരക്ഷണം നിഷേധിക്കുന്നത് നീതിനിഷേധമാകുമെന്നും കോടതി പറഞ്ഞു.