video
play-sharp-fill

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം തകരാറിലായി ; മസ്തിഷ്‌ക മരണം ബാധിച്ച ഒരാളുടെ കരള്‍ ലഭിക്കുമെന്ന് പ്രതീക്ഷ ; പരിശോധനകളില്‍ കരള്‍ മാറ്റി വയ്ക്കുന്നതിന് യോഗ്യമല്ലെന്ന് തെളിഞ്ഞതോടെ കരൾ മാറ്റിവയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു ; പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി അഞ്ജല യാത്രയായി

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം തകരാറിലായി ; മസ്തിഷ്‌ക മരണം ബാധിച്ച ഒരാളുടെ കരള്‍ ലഭിക്കുമെന്ന് പ്രതീക്ഷ ; പരിശോധനകളില്‍ കരള്‍ മാറ്റി വയ്ക്കുന്നതിന് യോഗ്യമല്ലെന്ന് തെളിഞ്ഞതോടെ കരൾ മാറ്റിവയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു ; പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി അഞ്ജല യാത്രയായി

Spread the love

കോഴിക്കോട്; കോഴിക്കോട് പേരാമ്പ്ര കടിയടങ്ങാട് സ്വദേശിയും മൈസൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എംഎസ്സി അവസാന വര്‍ഷ വിദ്യാര്‍ഥിയുമായ കല്ലൂര്‍ ഹൗസില്‍ അഞ്ജല ഫാത്തിമ (24) നിര്യാതയായി. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം തകരാറിലായ അഞ്ജലയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യത്തില്‍ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുറത്തെ ഒരാശുപത്രിയില്‍ നിന്നും മസ്തിഷ്‌ക മരണം ബാധിച്ച ഒരാളുടെ കരള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിരുന്നു.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ആശുപത്രിയും ഒരുങ്ങി. കരള്‍ എത്തിക്കാനായി എയര്‍ ആംബുലന്‍സും തയാറാക്കി. എന്നാല്‍ പിന്നീട് മസ്തിഷ്‌ക മരണം ബാധിച്ചയാളില്‍ നിന്ന് പുറത്തെടുത്ത കരള്‍ മാറ്റി വയ്ക്കുന്നതിന് യോഗ്യമല്ലെന്ന് പരിശോധനകളില്‍ ബോധ്യമായതോടെ ആ ശ്രമം ഒഴിവാക്കുകയായിരുന്നു. അവസാന സാധ്യതയും അടഞ്ഞതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ അഞ്ജല മരണത്തിന് കീഴടങ്ങി. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച അഞ്ജല കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു.

കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (കെഎസ്ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ മുഹമ്മദലിയുടെ മകളാണ്. മാതാവ് : സബീന കൊടക്കല്‍ (അധ്യാപിക കൂത്താളി എയുപി സ്‌കൂള്‍ ) സഹോദരിമാര്‍: അംന സയാന്‍ (പിജി വിദാര്‍ഥി )അല്‍ഹ ഫാത്തിമ (വിദ്യാര്‍ഥി നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ഖബറടക്കം ഇന്ന് വൈകിട്ട് കൈപ്രം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group