
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ – പാക് ബന്ധം ഏറ്റവും മോശമായ നിലയിലാണ്. പാകിസ്ഥാനുള്ള ശക്തമായ സന്ദേശത്തില്‍, ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന പരിമിതമായ വ്യാപാരം ഉള്‍പ്പെടെയുള്ള എല്ലാ സാമ്ബത്തിക ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തു.
പാകിസ്ഥാനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും പൂർണ്ണമായി നിർത്തിവയ്ക്കുന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഇറക്കുമതിയും കയറ്റുമതിയും പൂർണ്ണമായി നിലയ്ക്കുന്നതിലേക്ക് നയിച്ചു. പാകിസ്ഥാനുമായുള്ള വ്യാപാരം നിർത്തിവയ്ക്കുന്നത് ഇന്ത്യയെ എത്രത്തോളം ബാധിക്കും? ഇരു രാജ്യങ്ങളും തമ്മില്‍ ഏതൊക്കെ തരത്തിലുള്ള സാധനങ്ങളാണ് വ്യാപാരം ചെയ്തിരുന്നത്? പാകിസ്ഥാനില്‍ നിന്നുള്ള കയറ്റുമതി നിർത്തിയാല്‍, ഇന്ത്യയില്‍ ഏതൊക്കെ സാധനങ്ങള്‍ക്ക് വില വർദ്ധിക്കാൻ സാധ്യതയുണ്ട്? എന്നീ ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2019ലെ പുല്‍വാമ ആക്രമണത്തെത്തുടർന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള വ്യാപാരത്തില്‍ വലിയ നിയന്ത്രണങ്ങള്‍ വന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ക്രമാനുഗതമായി കുറഞ്ഞു. 2018-19ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാരം 4,370 കോടി രൂപയിലധികമായിരുന്നു. എന്നാല്‍, 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിക്ക് 200 ശതമാനം തീരുവ ചുമത്തി. ഇത് വ്യാപാരത്തില്‍ വലിയ കുറവുണ്ടാക്കി. 2019-20 ഓടെ, അട്ടാരി ലാൻഡ് പോർട്ട് വഴിയുള്ള വ്യാപാരം 2,772 കോടി രൂപയായി കുറയുകയും ചെയ്തുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പാകിസ്ഥാന്‍റെ സമ്ബദ്‍വ്യവസ്ഥ ഇതിനകം തന്നെ ഏറെ സങ്കീര്‍ണാവസ്ഥയിലാണ്. പണപ്പെരുപ്പം അതിന്‍റെ ഏറ്റവും ഉയർന്ന നിലയില്‍ എത്തിക്കഴിഞ്ഞു. പാപ്പരായ രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതോടെ ഐഎംഎഫില്‍ നിന്നുള്ള വായ്പകളെ വളരെയധികം ആശ്രയിക്കാൻ പാകിസ്ഥാൻ നിർബന്ധിതരായി. അത്തരമൊരു സാഹചര്യത്തില്‍, വ്യാപാര ബന്ധങ്ങളുടെ പൂർണ്ണമായ തകർച്ച ഇന്ത്യയെക്കാള്‍ കൂടുതല്‍ പാകിസ്ഥാനെയാണ് ബാധിക്കുക.
2021-22 സാമ്ബത്തിക വർഷത്തില്‍ ഇന്ത്യ 513.82 ദശലക്ഷം ഡോളർ വിലമതിക്കുന്ന സാധനങ്ങള്‍ പാകിസ്ഥാനിലേക്ക് കയറ്റി അയച്ചു. അതേസമയം പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി വെറും 2.54 ദശലക്ഷം ഡോളർ വിലമതിക്കുന്ന സാധനങ്ങള്‍ മാത്രമായിരുന്നു. 2022-23 ല്‍ പാകിസ്ഥാനിലേക്കുള്ള കയറ്റുമതി 627.10 ദശലക്ഷം ഡോളറായി ഉയർന്നു. ഇറക്കുമതി 20.11 ദശലക്ഷം ഡോളറായി. എന്നാല്‍, 2023-24 ല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി 2.88 ദശലക്ഷം ഡോളറായി ഗണ്യമായി കുറഞ്ഞു. അതേസമയം ഇന്ത്യയുടെ കയറ്റുമതി 1,180 ദശലക്ഷം ഡോളറായി ഉയർന്നു. ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്‍റെ 0.06 ശതമാനത്തില്‍ താഴെ മാത്രമാണ് പാകിസ്ഥാനുമായുള്ള വ്യാപാരം എന്നത് ശ്രദ്ധേയമാണ്. അതായത് ഇന്ത്യ പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്നില്ല എന്നാണ് വ്യക്തമാകുന്നത്. മറുവശത്ത് പാകിസ്ഥാൻ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയെ വളരെ അധികം ആശ്രയിക്കുന്നുമുണ്ട്.
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി: തണ്ണിമത്തൻ, ഷമാം, സിമന്‍റ്, കല്ലുപ്പ്, ഉണക്കിയ പഴങ്ങള്‍, കല്ലുകള്‍, ചുണ്ണാമ്ബ്, പരുത്തി, സ്റ്റീല്‍, കണ്ണടകള്‍ക്കുള്ള ഒപ്റ്റിക്കല്‍ വസ്തുക്കള്‍, ഓർഗാനിക് രാസവസ്തുക്കള്‍, ലോഹ സംയുക്തങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ചെമ്ബ്, സള്‍ഫർ, തുണിത്തരങ്ങള്‍, ചെരിപ്പുകള്‍, മുള്‍ട്ടാണി മിട്ടി (ഫുള്ളേഴ്സ് എർത്ത്).
ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള കയറ്റുമതി: തേങ്ങ, പഴങ്ങള്‍, പച്ചക്കറികള്‍, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍, പഞ്ചസാര, എണ്ണക്കുരുക്കള്‍, കാലിത്തീറ്റ, പാലുത്പന്നങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, ഉപ്പ്, വാഹന ഭാഗങ്ങള്‍, ചായങ്ങള്‍, കാപ്പി.