1971 നവംബർ 5-ന് തിയേറ്ററുകളിലെത്തിയ “ലൈൻബസ്സ് “എന്ന ചിത്രത്തിൻ്റ അമ്പത്തിനാലാം വാർഷിക ദിനമാണിന്ന്:മലയാളത്തിൽ ഏറ്റവും കൂടുതൽ കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുള്ള മുട്ടത്തുവർക്കിയുടേതായിരുന്നു ലൈൻബസ്സിന്റെ കഥ .

Spread the love

കോട്ടയം:ലോകത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന മലയാളി ആരാണ് …?
യാതൊരു സംശയവുമില്ല, അദ്വൈതവേദാന്തം ലോകത്തിനു
സംഭാവന ചെയ്ത സാക്ഷാൽ ജഗദ്ഗുരു ആദിശങ്കരൻ തന്നെ.

video
play-sharp-fill

പെരിയാർ നദിക്കരയിലുള്ള
കാലടി എന്ന ഗ്രാമത്തിൽ ജനിച്ച ശങ്കരാചാര്യർ വേദശാസ്ത്രങ്ങളിൽ അസാമാന്യമായ അറിവ് സമ്പാദിച്ചതിനുശേഷം ഭാരതമാകെ സഞ്ചരിച്ച് വടക്ക് ജ്യോതിർമാതാമഠവും
കിഴക്ക് ഗോവർദ്ധന മഠവും പടിഞ്ഞാറ് ദ്വാരകാമഠവും
തെക്ക് ശൃംഗേരി മഠവും സ്ഥാപിച്ചുകൊണ്ട് സർവ്വജ്ഞ പീഠം കയറി അധോമുഖമായിരുന്ന ഭാരതീയ വേദാന്ത ചിന്തകൾക്ക് പുനരുദ്ധാരണം നടത്തിയ മഹാനാണ്.

1971 നവംബറിൽ പുറത്തിറങ്ങിയ “ലൈൻബസ്സ് ” എന്ന ഒരു മലയാള ചിത്രത്തിന് ജഗത്ഗുരു ആദിശങ്കരനുമായി ബന്ധമൊന്നുമില്ലെങ്കിലും ,
സന്ദർഭവശാൽ അദ്വൈതത്തെക്കുറിച്ചും
ആദിശങ്കരനെക്കുറിച്ചും എഴുതിയ
ഒരു ദാർശനികഗാനത്തിന്റെ സൗരഭ്യത്താൽ
“ലൈൻ ബസ്സ് ” എന്ന ചിത്രം ഇന്നും ഓർമ്മിക്കപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയലാർ രാമവർമ്മ എഴുതിയ

“അദ്വൈതം ജനിച്ച നാട്ടിൽ ആദിശങ്കരൻ ജനിച്ച നാട്ടിൽ ”

എന്ന പ്രശസ്തമായ
ഈ ഗാനം
എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി സി ബേബി നിർമ്മിച്ച “ലൈൻബസ്സ് ” എന്ന ചിത്രത്തിൽ സംവിധായകൻ കെ എസ് സേതുമാധവൻ ഒരു പ്രത്യേക സന്ദർഭത്തിൽ
കൂട്ടിച്ചേർക്കുകയായിരുന്നു..

മലയാളത്തിൽ ഏറ്റവും കൂടുതൽ കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുള്ള മുട്ടത്തുവർക്കിയുടേതായിരുന്നു ലൈൻബസ്സിന്റെ കഥ .
എസ് എൽ പുരം സദാനന്ദൻ തിരക്കഥയെഴുതിയ
ഈ ചിത്രത്തിൽ മധു , ജയഭാരതി , കെ പി ഉമ്മർ ,അടൂർഭാസി , പ്രമീള തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചത്.
വയലാറിന്റെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം പകർന്നു.

“തൃക്കാക്കര പൂപോരാഞ്ഞ് തിരുനക്കര പൂപോരാഞ്ഞ്
തിരുമാന്ധാംകുന്നിലെത്തിയ
തെക്കൻ കാറ്റേ
നിന്റെ ഓമൽ പൂപ്പാലിക
ഞാനൊന്നു കണ്ടോട്ടെ
ഒന്നു കണ്ടോട്ടെ …”
എന്ന മാധുരിയുടെ അതിമനോഹരമായ ഒരു ഗാനവും ഈ ചിത്രത്തിന് ഒരു മുതൽക്കൂട്ടായിരുന്നു.

അതേപോലെതന്നെ വയലാറിന്റെ ഏറ്റവും സുന്ദരമായ ഒരു
ഹാസ്യ ഗാനം

“വില്ലു കെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ ….. ”

രംഗ ചിത്രീകരണം കൊണ്ടും നർമ്മം കലർന്ന വരികൾ കൊണ്ടും ഇന്നും ഗാനപ്രേമികൾക്ക് ആസ്വാദ്യകരമായ ചില ഓർമ്മകളാണ്.

പി. ലീല പാടിയ
“മിന്നും പൊന്നിൻ കിരീടം ” ആയിരുന്നു ഈ ചിത്രത്തിലെ മറ്റൊരു പ്രശസ്ത ഗാനം.

1971 നവംബർ 5-ന് തിയേറ്ററുകളിലെത്തിയ
“ലൈൻബസ്സ് “എന്ന ചിത്രത്തിൻ്റ അമ്പത്തിനാലാം വാർഷിക ദിനമാണിന്ന്.
ആയിരം ജാതികളും ആയിരം മതങ്ങളും ആയിരം ദൈവങ്ങളുമായി കാലത്തിൻ്റെ രഥചക്രം മുന്നോട്ടു പോയിക്കൊണ്ടേയിരിക്കുന്നു.