
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; നവംബർ എട്ട്, ഒമ്പത് തിയതികളിൽ ശക്തമായ മിന്നലിനും സാധ്യത; മുൻകരുതൽ അനിവാര്യം; മുന്നറിയിപ്പ് നിർദേശങ്ങളുമായി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
നവംബർ എട്ട്, ഒമ്പത് തീയതികളിൽ ശക്തമായ മിന്നലിന് സാധ്യതയുണ്ട്. മിന്നലിന്റെ ലക്ഷണം കണ്ടാലുടൻ സുരക്ഷിത കെട്ടിടത്തിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളിൽ തുടരരുത്. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. കെട്ടിടത്തിന്റെ ജനലും വാതിലും അടച്ചിടണമെന്ന് മാത്രമല്ല ഇവക്കടുത്ത് നിൽക്കാനും പാടില്ല.
ഭിത്തിയിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീട്ടിലെ ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കണം. ഈ സമയത്ത് ലാൻഡ് ഫോൺ ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികളുൾപ്പെടെ കളിക്കുന്നത് ഒഴിവാക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്നലുണ്ടാകുമ്പോൾ വാഹനത്തിനുള്ളിലാണെങ്കിൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. കൈകാലുകൾ പുറത്തിടരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കണം. ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കരുത്. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുകയോ വലയെറിയുകയോ ചെയ്യരുത്.
പട്ടം പറത്തരുത്. ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്. ഈ സമയത്ത് വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്.
പന്ത്പോലെ ഇരിക്കണം
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഇരിക്കണം. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
വിലപ്പെട്ട 30 സെക്കൻഡുകൾ
മിന്നൽ ഏറ്റാല് ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലിന്റെ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതമുണ്ടാവുകയോ ചെയ്യാം. മിന്നലേറ്റയാളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹമില്ല. പ്രഥമശുശ്രൂഷ നൽകിയ ഉടൻ വൈദ്യസഹായം ലഭ്യമാക്കണം.