
തായ്‌ലൻഡ്: ഫുക്കറ്റില്‍ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയില്‍ സുരക്ഷിതമായി ഇറക്കിയ വിമാനം ഇപ്പോള്‍ വിശദമായ സാങ്കേതിക പരിശോധനകള്‍ക്കായി വിമാനത്താവളത്തില്‍ നിർത്തിയിട്ടിരിക്കുകയാണ്.
ഫുക്കറ്റില്‍ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ക്യു.പി. 624 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബോയിംഗ് 737 മാക്സ് വിമാനമാണ് ഈ റൂട്ടില്‍ സർവീസ് നടത്തിയിരുന്നത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ലാൻഡിംഗ് നടത്തിയത്.
ഇടിമിന്നലുകളെ പ്രതിരോധിക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ വിമാനത്തിനുണ്ടെന്ന് എയർലൈൻ കൂട്ടിച്ചേർത്തു. എൻജിനീയറിങ് വിഭാഗം വിമാനത്തിന്റെ ഘടനയിലും എൻജിനിലും കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്.
പൈലറ്റുമാരും ക്രൂ അംഗങ്ങളും ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്ന് കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് മറ്റ് വിമാന സർവീസുകള്‍ക്കും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

