
തിരുവനന്തപുരം: കടലോര വിനോദ സഞ്ചാര മേഖലകളില്‍ ലൈഫ് ഗാർഡുമാരായി ജോലി നോക്കുന്നവർ ഫെബ്രുവരി 24നും 25നും പണിമുടക്കുന്നു.
ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക സർവ്വീസില്‍ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
അതെസമയം ഈ ദിവസങ്ങളില്‍ കടല്‍ത്തീരത്ത് എത്തുന്നവർ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പ് രംഗത്തെത്തി. വിനോദ സഞ്ചാരികള്‍ എത്തുന്ന തീരങ്ങളില്‍ ഈ ദിവസങ്ങളില്‍ ഔദ്യോഗിക രക്ഷാ പ്രവർത്തകർ ഉണ്ടാകില്ല. വിവിധ ബീച്ചുകളിലെത്തുന്ന വിനോദസഞ്ചാരികള്‍ സ്വയം പിൻവാങ്ങി നില്‍ക്കണം, കടലില്‍ ഇറങ്ങരുത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈഫ് ഗാർഡുമാരുടെ പണിമുടക്ക് ദിവസങ്ങളില്‍ കടലില്‍ ഇറങ്ങുന്നത് വിനോദ സഞ്ചാര വകുപ്പ് പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇത് നിരീക്ഷിക്കാൻ സ്ഥലത്ത് പോലീസ് ഉണ്ടാകും. ഓരോ ബീച്ച് പ്രദേശത്തെയും പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർമാർക്കാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം.
അതെസമയം സംസ്ഥാന ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തില്‍ ജീവൻ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള ലൈഫ് ഗാർഡുമാർ 24, 25 തീയതികളില്‍ രാപ്പകല്‍ സമരം നടത്തുമെന്ന് സംഘടന ഐഎൻടിയുസി അറിയിച്ചു. കേരള ലൈഫ്ഗാർഡ് എംപ്ലോയീസ് യൂണിയന്റെ (ഐ എൻ ടി യു സി) ആഭിമുഖ്യത്തില്‍ നാളെ രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിക്കുന്ന രാപ്പകല്‍ സമരം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. 25ന് സമരപന്തലില്‍ നിന്ന് നിയമസഭയിലേക്ക് ലൈഫ് ഗാർഡുമാർ മാർച്ച് നടത്തും. എം വിൻസെന്റ് എം. എല്‍. എ ഉദ്ഘാടനം ചെയ്യും.



