ലൈഫ് ഭവന പദ്ധതി; വെള്ളൂരിലെ പതിമൂന്ന് സ്വപ്ന ഭവനങ്ങൾ കൈമാറി; ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സ്വന്തം ലേഖിക
കോട്ടയം: ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത- ഭവനരഹിതരായ 13 കുടുംബങ്ങൾക്ക് വെള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ ഭവനങ്ങളുടെ ഉദ്ഘാടന കർമ്മം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ആദ്യ മൂന്നുഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ട മുഴുവൻ ആളുകൾക്കും സ്വന്തമായി പാർപ്പിടം എന്ന സ്വപ്നം സർക്കാർ യാഥാർത്ഥ്യമാക്കി. കഴിഞ്ഞ ആറു വർഷം കൊണ്ട് മൂന്നേകാൽ ലക്ഷത്തോളം കുടുംബങ്ങൾക്കാണ് സർക്കാർ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കിയത്. 3,22,366 വീടുകളാണ് സർക്കാർ നിർമിച്ചു നൽകിയത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഇതുവരെ 54,000 പട്ടയങ്ങൾ വിതരണം ചെയ്തു. മനസ്സോടിത്തിരി മണ്ണ് കാമ്പയിനിലൂടെ ഇതുവരെ 2350 സെന്റ് സ്ഥലമാണ് സർക്കാരിന് സംഭാവനയായി ലഭിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടന്ന ഒന്നും രണ്ടും നൂറുദിന കർമ്മ പദ്ധതികളുടെ ഭാഗമായി 32,875 വീടുകൾ കൈമാറി.
28,603 വീടുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. അവയും സമയബന്ധിതമായി പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഭവനങ്ങളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി.
സി.കെ ആശ എം.എൽ.എ. അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. മനസ്സോടിത്തിരി മണ്ണ് കാമ്പയിന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിക്കായും അങ്കണവാടി, ഹോമിയോ ആശുപത്രി എന്നിവയുടെ നിർമ്മാണത്തിനായും സ്ഥലം വിട്ടു നൽകിയ വ്യക്തികളെ തോമസ് ചാഴികാടൻ എം.പി. ആദരിച്ചു.
ലൈഫ് മിഷൻ സി.ഇ.ഒ. ജാഫർ മാലിക് മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് സ്ഥലം വിട്ടു നൽകിയവരിൽ നിന്നും സമ്മതപത്രം ഏറ്റുവാങ്ങി. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ആർ.ബി. ബാബു, സഹോദരി ഡോ. ആർ. ബി. രാജലക്ഷ്മിയും ലൈഫ് ഭവന പദ്ധതിക്കായി വിട്ടു നൽകിയ 65 സെന്റ് ഭൂമിയിലാണ് പഞ്ചായത്ത് 13 കുടുംബങ്ങൾക്കായി സുരക്ഷിത ഭവനം ഒരുക്കിയത്. ലൈഫ് ഭവന പദ്ധതിക്കായി ഒരു പഞ്ചായത്ത് തന്നെ നേരിട്ട് സൗകര്യങ്ങൾ ഒരുക്കി നൽകി വീടുകൾ നിർമ്മിച്ചു നൽകുന്നത് കേരളത്തിൽ തന്നെ ആദ്യമായാണ്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, വെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിത കുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, വെള്ളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനിൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യൂ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. കെ. സന്ധ്യ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ വി.കെ. മഹിളാമണി, ഷിനി സജു, ഒ.കെ. ശ്യാംകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അമൽ ഭാസ്കർ, തങ്കമ്മ വർഗീസ്, തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷറഫ് പി. ഹംസ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എൻ. സോണിക, ശാലിനി മോഹനൻ, കുര്യാക്കോസ് തോട്ടത്തിൽ, കെ.എസ്. സച്ചിൻ , ലിസി സണ്ണി, ജെ. നിയാസ്, സുമ തോമസ്, ബേബി പൂച്ചു കണ്ടത്തിൽ, മിനി ശിവൻ എന്നിവർ പങ്കെടുത്തു.