
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി പ്രചാരണം ശക്തമാക്കുന്നു. അതിൽ പ്രധാനമായി ഉയർത്തിക്കാട്ടുന്നത് ഭവനരഹിതർക്കും ഭൂരഹിതർക്കുമായി നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിയാണ്.
സർക്കാർ കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ട് ഭരണകാലയളവിൽ ആറുലക്ഷത്തിലധികം കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ ധനസഹായം ലഭിച്ചു. ഇതിൽ അഞ്ച് ലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയായതായി സർക്കാർ വ്യക്തമാക്കുന്നു.
ലൈഫ് മിഷൻ പദ്ധതിക്കായി ആകെ 20,831 കോടി രൂപ ചെലവായതിൽ 18,342 കോടി രൂപ സംസ്ഥാനം തന്നെ വിനിയോഗിച്ചതായി രേഖകളിൽ പറയുന്നു. ഇത് പദ്ധതിവിഹിതത്തിന്റെ 88 ശതമാനമാണ്. ശേഷിക്കുന്ന തുക പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെയാണ് ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതിയുടെ ഭാഗമായി പട്ടിക വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഏകദേശം ഒന്നരലക്ഷത്തോളം വീടുകളും പട്ടിക വർഗ വിഭാഗങ്ങൾക്ക് 46,000ഓളം വീടുകളും കൈമാറി. കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പ്രകാരം ഒരു വീടിന് 72,000 രൂപയും (നഗരം) പദ്ധതിയിൽ 1.5 ലക്ഷം രൂപവരെയും കേന്ദ്രസഹായം ലഭിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
ലൈഫ് മിഷൻ വഴി ഒരു വീടിന് സംസ്ഥാനം നാല് ലക്ഷം രൂപ വരെ സഹായം നൽകുന്നു. സങ്കേതങ്ങളിലോ ദുര്ഘട പ്രദേശങ്ങളിലോ കഴിയുന്ന പട്ടികവർഗക്കാർക്ക് ഈ സഹായം ആറു ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
ഭൂരഹിത-ഭവനരഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി നാല് ഭവന സമുച്ചയങ്ങൾ സർക്കാർ നിർമിച്ചു നൽകുകയും, ഒന്ന് വാങ്ങി ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. 23 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഇടതുമുന്നണി വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പങ്കാളിത്ത പദ്ധതികളിലൂടെ 13 സമുച്ചയങ്ങൾ കൂടി നിർമ്മിച്ച് കൈമാറിയതായും അവകാശപ്പെടുന്നു.
ഭവന പദ്ധതികളുടെ തുടക്കം എം. എൻ. ഗോവിന്ദൻ നായർ മന്ത്രിയായിരുന്ന കാലത്തെ ലക്ഷംവീട് പദ്ധതിയിലാണെന്നും, തുടർന്ന് 2009-ൽ ഇ.എം.എസ് സമ്പൂർണ ഭവന പദ്ധതി നടപ്പാക്കിയതും ശ്രദ്ധേയമാണെന്നും ഇടതുമുന്നണി ചൂണ്ടിക്കാണിക്കുന്നു. 2016-ൽ വിവിധ വകുപ്പുകളിലായി ചിതറിക്കിടന്ന പദ്ധതികളെ ഏകോപിപ്പിച്ച് ലൈഫ് മിഷൻ രൂപീകരിച്ചതോടെ ഭവനനിർമാണം കൂടുതൽ ഏകീകരിക്കപ്പെട്ടു.
മൂന്നോ നാലോ അംഗങ്ങളുള്ള ഒരു കുടുംബത്തിന് സൗകര്യപ്രദമായി താമസിക്കാവുന്ന രീതിയിലുള്ള വീടുകളാണ് പദ്ധതിയിലൂടെ കൂടുതലായും നിർമ്മിച്ചതെന്നും സർക്കാർ വിശദീകരിക്കുന്നു.



