play-sharp-fill
ജീവനക്കാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം കോട്ടയം നഗരമധ്യത്തിലെ കൊറിയർ സർവീസ് ഓഫീസിൽ വൻ പിടിച്ചുപറി: ഒരു ലക്ഷം രൂപ കവർന്നു; പ്രതിയെപ്പറ്റി സൂചന

ജീവനക്കാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം കോട്ടയം നഗരമധ്യത്തിലെ കൊറിയർ സർവീസ് ഓഫീസിൽ വൻ പിടിച്ചുപറി: ഒരു ലക്ഷം രൂപ കവർന്നു; പ്രതിയെപ്പറ്റി സൂചന

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ പോസ്റ്റ് ഓഫിസ് റോഡിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനത്തിൽ വൻ കവർച്ച. കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം മോഷ്ടാവ് ഒരു ലക്ഷം രൂപയോളം കവർന്നു. തിരുനക്കര പോസ്റ്റ് ഓഫിസ് റോഡിൽ ഐശ്വര്യ സ്റ്റുഡിയോയ്ക്ക് സമീപം പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ്  കൊറിയർ സർവീസിന്റെ ഓഫിസിലാണ് വൻ മോഷണം നടന്നത്.

കോട്ടയം നഗരത്തിൽ തന്നെയുള്ള വൻ മോഷ്ടാവാണ് സംഭവത്തിന് പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ജീവനക്കാരായ നാട്ടകം വടക്കത്ത് വിഷ്ണു (26) , കാഞ്ഞിരം അടിവാക്കൽ നികേഷ് (25) , കോട്ടയം സ്വദേശി സനീഷ് ബാബു (25) എന്നിവർക്ക് നേരെയാണ് ആക്രമണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ 12.30 ഓടെ നഗരമധ്യത്തിലായിരുന്നു സംഭവം. പോസ്റ്റ് ഓഫിസ് റോഡിൽ നിന്നും സി എം എസ് കോളജ് ഭാഗത്തേയ്കുള്ള ഇടവഴിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പന്ത്രണ്ട് മണിയോടെ ഇവിടെ എത്തിയ മോഷ്ടാവ് ജീവനക്കാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം പണവുമായി പുറത്തേയ്ക്ക് ഓടുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും പണവും സാധനങ്ങളും റോഡിൽ തെറിച്ച് വീണിട്ടുണ്ട്. ബഹളം കേട്ട് സമീപത്തെ സ്ഥാപനങ്ങളിൽ നിന്നും ആളുകൾ ഓടി എത്തിയപ്പോഴേയ്ക്കും പ്രതി രക്ഷപെട്ടിരുന്നു.

 

വിവരം അറിഞ്ഞ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ എം ജെ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു , ഡിവൈഎസ്പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തിടെ പുറത്തിറങ്ങിയ നിരവധി പിടിച്ച്പറി കേസുകളിലെ പ്രതിയായ ആളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന .