
തിരുവനന്തപുരം : തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം അമിതവേഗത്തിൽ എത്തിയ കാർ കാൽനടയാത്രക്കാരെയും ഓട്ടോ ഡ്രൈവർമാരെയും ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ രണ്ടുപേരുടെ ലൈസൻസ് സസ്പെൻസ് ചെയ്തു. വാഹനം ഓടിച്ച വട്ടിയൂർക്കാവ് സ്വദേശി എ കെ വിഷ്ണുനാഥ് ഡ്രൈവിംഗ് പരിശീലനം നൽകിയ ഇയാളുടെ അമ്മാവൻ കെ വിജയൻ എന്നിവരുടെ ലൈസൻസുകളാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇരുവരെയും എടപ്പാളയിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിനായി അയക്കാനും തിരുവനന്തപുരം എൻഫോസ്‌മെന്റ് ആർ ടി ഒ ഉത്തരവിട്ടു.
അപകടത്തിൽ നിസ്സാര പരിക്കേറ്റ ഇവരെ ചികിത്സയ്ക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരെയും തിങ്കളാഴ്ച ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയെന്നാണ് ഇവർക്ക് എതിരെ എടുത്ത കേസ്. ഞായറാഴ്ച പകൽ 12. 15നാണ് കാർനടയാത്രക്കാരെയും ഓട്ടോ ഡ്രൈവർമാരെയും കാറിൽ വന്ന ഇവർ ഇടിച്ചുതെറിപ്പിച്ചത്.