ലിബി ഒറ്റക്കല്ല കൂടെ നാല് പേർ; ഇതിൽ രണ്ട് പേർ നിരീശ്വരവാദികളും; ലക്ഷ്യം ശബരിമലയെ തകർക്കൽ

ലിബി ഒറ്റക്കല്ല കൂടെ നാല് പേർ; ഇതിൽ രണ്ട് പേർ നിരീശ്വരവാദികളും; ലക്ഷ്യം ശബരിമലയെ തകർക്കൽ

സ്വന്തം ലേഖകൻ

പമ്പ: ശബരിമലയിൽ പ്രവേശിക്കാനായി എത്തിയ ചേർത്തല സ്വദേശിനി ലിബിയെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തടയുകയും ഇവർക്കെതിരെ കൈയ്യേറ്റം ഉണ്ടാവുകയും പോലീസ് സംരക്ഷണം നൽകുകയും ചെയ്തു. പിന്നീട് പോലീസ് സ്ഥലത്തെത്തി ഇവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഭക്തിയുണ്ടായിട്ടോ അയ്യപ്പനെ കാണണമെന്ന ആഗ്രഹമുണ്ടായിട്ടോ അല്ല യുവതി ശബരിമലയ്ക്ക് പോകാൻ നിശ്ചയിച്ചത്. ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കാൻ വേണ്ടിയാണ് മല ചവിട്ടുന്നതെന്ന് ലിബി തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കളെ,

ഞങ്ങൾ നാലുപേർ ഇന്ന് ശബരിമലയ്ക്ക് പോകുകയാണ്. അതിൽ ഞാൻ ഉൾപ്പെടെ രണ്ടുപേർ നിരീശ്വരവാദികളും രണ്ടുപേർ വിശ്വാസികളുമാണ്.ശബരിമലയിൽ പോകാൻ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നത്. കേരളത്തിന്റെ ചരിത്രത്തിൽപോലും ഇതുവരെ ഉണ്ടാകാത്തതരത്തിൽ രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാർത്ഥം ഒരു സുപ്രീംകോടതിവിധിക്കെതിരെ വർഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവിലിറക്കി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടെ പരസ്യമായി തെറിവിളിക്കുകയും റോഡിൽ തെറിവിളിയും തുണിയഴിച്ച് പ്രകടനം നടത്തലും അരങ്ങേറുകയും ,മുഖ്യമന്ത്രിയെവരെ ജാതിപറഞ്ഞു തെറിവിളിക്കുകയും വിധിയെ അനുകൂലിച്ച നാട്ടിലെ സകല സ്ത്രീകളുടെയും പ്രൊഫൈലുകളിൽ ഉത്ഭവദോഷം വിളിച്ചോതുന്ന കമന്റുകളിടുകയും അവരുടെ ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്ത് ദുഷ്പ്രചാരണങ്ങൾ നടത്തുകയും ശബരിമലയ്ക്ക് പോകാൻ മാലയിട്ട ഒരു വിശ്വാസിയായ സ്ത്രീയുടെ വീട്ടിൽ രാത്രി ഭവന ഭേദനത്തിന് ശ്രമിക്കുകയും ഒരു രാഷ്ട്രീയപ്പാർട്ടിയുടെ സംസ്ഥാന നേതാവ് നടത്തുന്ന ജാഥയിൽ പൊതുവേദിയിൽ സ്റ്റേജുകെട്ടി മൈക്കിലൂടെ സ്ത്രീകളെ വലിച്ചുകീറി മുഖ്യമന്ത്രിക്കും ജഡ്ജിക്കും അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും രാഹുൽ ഈശ്വരൻ കുറെ ഗുണ്ടകളുമായി ശബരിമലയിൽ തമ്പടിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുമ്പോൾ ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കികൊടുക്കേണ്ടത് ഓരോപൗരന്റേയും കടമ കൂടിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ശബരിമല യാത്രക്ക് തയാറെടുത്തത്.

പുനരുദ്ധാ നവാദികൾ തെരുവിലിറങ്ങി നവോത്ഥാന മൂല്യങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്പോൾ നാം പ്രതികരണശേഷിയില്ലാത്തവരായി നാണം കേട്ട് കഴിയുന്നതിനേക്കാൾ ഭേദം ഫാസിസ്റ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാലും അതാണ് കൂടുതൽ അന്തസ് എന്ന് കരുതിയാണ് ഞങ്ങൾ ഇറങ്ങുന്നത്.അയോദ്ധ്യ ആവർത്തിക്കാൻ ഇത് യുപിയല്ല കേരളമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. ഈ യാത്രയിൽ ഞങ്ങളിൽ ആരെങ്കിലുമോ ഞങ്ങൾ നാലുപേരുമോ അവസാനിച്ചാലും ഈ കലാപത്തിനും മരണത്തിനുമൊക്കെ ഉത്തരവാദികളായവർ ആരെന്നും അതിന് ആഹ്വാനം ചെയ്തവർ ആരെന്നും വ്യക്തമായ തെളിവുകൾ എല്ലാവരുടെയും കൈകളിൽ ഉണ്ടല്ലോ.? ഈ യാത്രയിൽ ശബരിമലവരെ എത്തുമോ എന്നൊന്നും ഞങ്ങൾക്കറിയില്ല. യാത്ര തടസപ്പെട്ടാൽ അവിടെ യാത്ര അവസാനിപ്പിക്കും സർക്കാരിനെതിരെ കേസ് ഫയൽ ചെയ്യും. ഞങ്ങളെ തടസപ്പെടുത്തുന്നവർക്കെതിരെ കേസെടുക്കാനുള്ള ബാധ്യത സർക്കാരിനുമുണ്ടല്ലോ? അതല്ല ഞങ്ങൾ മരണപ്പെടുകയാണെങ്കിൽ ഈ മുന്നേറ്റം ഏറ്റെടുക്കാൻ ആയിരങ്ങളുണ്ടാകും എന്ന ഉത്തമവിശ്വാസത്തോടെ തന്നെയാണ് ഞങ്ങൾ പോകുന്നത്. മതാധിപത്യം തുലയട്ടെ! ഫാസിസം തുലയട്ടെ! ജനാധിപത്യം പുലരട്ടെ!