
തിരുവനന്തപുരം:കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ഭരണത്തുടര്‍ച്ചയോ അതോ ഭരണമാറ്റമോ? മാതൃഭൂമി നടത്തിയ വിപുലമായ പ്രീ-പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത് സമീപകാലത്തെ ഏറ്റവും കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ്.
140 മണ്ഡലങ്ങളിലും നടന്ന സര്‍വേ പ്രകാരം എല്‍.ഡി.എഫിനും യു.ഡി.എഫിനും കേവല ഭൂരിപക്ഷമായ 71 എന്ന മാന്ത്രിക സംഖ്യ തൊടാന്‍ നിലവിലെ സാഹചര്യത്തില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും.
140 നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം, എല്‍.ഡി.എഫിന് 66 സീറ്റുകളും യു.ഡി.എഫിന് 62 സീറ്റുകളും ലഭിക്കാന്‍ സാധ്യതയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
71 സീറ്റുകളെന്ന കേവല ഭൂരിപക്ഷത്തിലേക്ക് ഒരു മുന്നണിക്കും വ്യക്തമായി എത്താന്‍ സാധിക്കുന്നില്ലെന്ന് സര്‍വേ വ്യക്തമാക്കുന്നു. അടുത്ത സര്‍ക്കാര്‍ ആര് രൂപീകരിക്കുമെന്ന് നിശ്ചയിക്കുക ഫലം പ്രവചനാതീതമായ 12 നിര്‍ണായക മണ്ഡലങ്ങളായിരിക്കും.
ഈ 12 മണ്ഡലങ്ങളില്‍ പത്തെണ്ണത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം, രണ്ട് മണ്ഡലങ്ങളില്‍ ബി.ജെ.പിയും നിര്‍ണായക ശക്തിയാണ്. സര്‍വേ പ്രകാരം, നിലവിലെ ട്രെന്‍ഡ് അനുസരിച്ച് എല്‍.ഡി.എഫിന് 32 മുതല്‍ 36 വരെ സീറ്റുകളില്‍ തിരിച്ചടി നേരിടേണ്ടി വരും. അതേസമയം, യു.ഡി.എഫ് അവരുടെ സീറ്റ് നില മെച്ചപ്പെടുത്തുകയും 20 സീറ്റുകള്‍ വരെ അധികം നേടുകയും ചെയ്യുമെന്നാണ് പ്രവചനം. ഇത് സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായൊരു തരംഗം നിലനില്‍ക്കുന്നുണ്ടെന്ന സൂചന നല്‍കുന്നു.
മേഖലാടിസ്ഥാനത്തില്‍ വോട്ടര്‍മാരുടെ പ്രതികരണം വ്യത്യസ്തമാണ്. വടക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫിന് നേരിയ മുന്‍തൂക്കമുണ്ട്; 28 സീറ്റുകള്‍ എല്‍.ഡി.എഫിനും 26 സീറ്റുകള്‍ യു.ഡി.എഫിനും ലഭിച്ചേക്കാം, ആറ് മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ്. മധ്യകേരളത്തില്‍ യു.ഡി.എഫ് വ്യക്തമായ ആധിപത്യം സ്ഥാപിക്കുന്നു, 27 സീറ്റുകള്‍ യു.ഡി.എഫിനും 21 സീറ്റുകള്‍ എല്‍.ഡി.എഫിനും ലഭിക്കാന്‍ സാധ്യതയുണ്ട്, ഇവിടെ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് ശക്തമായ പോരാട്ടം. തെക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫ് മുന്നേറ്റം നടത്തുന്നു, 20 സീറ്റുകള്‍ എല്‍.ഡി.എഫിനും 15 സീറ്റുകള്‍ യു.ഡി.എഫിനും ലഭിച്ചേക്കാം, നാല് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു.
അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിന് വോട്ടര്‍മാര്‍ക്കിടയില്‍ പിണറായി വിജയനും വി.ഡി. സതീശനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
പിണറായി വിജയന്‍: 27.85%
വി.ഡി. സതീശന്‍: 27.77%
വെറും 0.08% വ്യത്യാസത്തിലാണ് ഇരുവരും നില്‍ക്കുന്നത് എന്നത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്പരപ്പിക്കുന്നു. കെ.കെ. ശൈലജ (12.1%), രമേശ് ചെന്നിത്തല (12.06%) എന്നിവരും തൊട്ടുപിന്നിലുണ്ട്.



