അമ്പൂരിയില്‍ മയക്കുവെടിവച്ച്‌ പിടികൂടിയ പുലി ചത്തു; മരണകാരണം വയറ്റില്‍ കമ്പികൊണ്ടുള്ള ആഴത്തിലുള്ള മുറിവ്

Spread the love

തിരുവനന്തപുരം: അമ്പൂരി കാരിക്കുഴിയില്‍ മയക്കുവെടിവച്ച്‌ പിടികൂടിയ പുലി ചത്തു.

ഇന്നലെയാണ് പുലിയെ മയക്കുവെടിവച്ച്‌ പിടികൂടിയത്. അതിന്റെ വയറ്റില്‍ കമ്പികൊണ്ടുള്ള ആഴത്തിലുള്ള മുറിവുണ്ടായിരുന്നെന്നും ഇതാണ് മരണകാരണമെന്നുമാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

കാരിക്കുഴി തടത്തരികത്ത് വീട്ടില്‍ സുശീലയുടെ ഉടമസ്ഥതയിലുള്ള റബര്‍ത്തോട്ടത്തില്‍, മകനും ടാപ്പിംഗ് തൊഴിലാളിയുമായ ഷൈജുവാണ് ആദ്യം പുലിയെ കണ്ടത്. ഇന്നലെ രാവിലെ റബര്‍ ടാപ്പിംഗിനായി എത്തിയപ്പോഴാണ് ഷൈജു പുലിയെ കണ്ടത്. പാറയിടുക്കിലെ ചെറിയ കുഴിയില്‍ കുരുക്കില്‍വീണ് കിടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൈജുവിനെയും ഒപ്പമുണ്ടായിരുന്ന സുരേഷിനെയും കണ്ടതോടെ, പുലി ആക്രമിക്കാന്‍ ശ്രമിച്ചു. പേടിച്ച്‌ ഓടുന്നതിനിടയില്‍ സുരേഷിന് വീണ് പരിക്കേറ്റിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നെയ്യാര്‍ഡാം പൊലീസും സ്ഥലത്തെത്തി. സോളാര്‍ വേലി സ്ഥാപിക്കുന്നതിനായി കെട്ടിയിരുന്ന കമ്പിയിലും മരക്കുറ്റിയിലുമാണ് പുലി കുരുങ്ങിക്കിടന്നിരുന്നത്.

വനംവകുപ്പ് ദ്രുതകര്‍മ്മ സേനയും മയക്കുവെടി വിദഗ്ദ്ധരും ചേര്‍ന്ന്,മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മയക്കുവെടിവച്ച്‌ പുലിയെ പിടികൂടിയത്. മൂന്നുതവണ വെടിവച്ചു. പിന്നീട് കൂട്ടിലാക്കിയ പുലിയെ നെയ്യാര്‍ഡാം വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു.