
മുള്ളൻപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്; ദിവസങ്ങളായി ഭക്ഷണവും ലഭിച്ചിരുന്നില്ല; തുടയിൽ കണ്ടെത്തിയത് ആഴമേറിയ മുറിവ്; ജനവാസ മേഖലയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ ആറ് മാസം പ്രായമുള്ള പുലി ചത്തു
സ്വന്തം ലേഖകൻ
പത്തനംതിട്ട: ജനവാസമേഖലയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ പുലി ചത്തു. മുള്ളൻപന്നിയുടെ ആക്രമണത്തിൽ പുലിയുടെ ശരീരത്തിൽ മുറിവേറ്റിരുന്നു. ഭക്ഷണം കിട്ടാതെ അവശ നിലയിലായിരുന്നു പുലി. തൊഴുത്തിൽ കുടുങ്ങിയ നിലയിലാണ് ഇന്നലെ പുലിയെ കണ്ടെത്തിയത്.
ഇതേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ റാന്നിയിലെ ആർആർടി ഓഫീസിലേക്ക് മാറ്റി. ശരീരത്തിൽ തറഞ്ഞ് കയറിയിരുന്ന മുള്ളൻ പന്നിയുടെ മുള്ള് ഇന്നലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പുലിക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിൻറെ നിഗമനം. ആറ് മാസം മാത്രമാണ് പുലിയുടെ പ്രായം. ഉച്ചയ്ക്ക് ശേഷം കോന്നി ആനക്കൂട്ടിൽ വെച്ച് പുലിയുടെ പോസ്റ്റ്മോർട്ടം നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയാണ് ജനവാസ മേഖലയിൽ നിന്ന് പുലിയെ പിടികൂടിയത്. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി സുരേഷിന്റെ പുരയിടത്തിലെ തൊഴുത്തിലാണ് അതിരാവിലെ പുലിയെ കണ്ടത്.
തുടയിൽ പരിക്കേറ്റ പുലിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. പരിക്കേറ്റ പുലിയെ ചികിത്സ നൽകിയ ശേഷം പുലിയെ വനത്തിലേക്ക് വിട്ടയക്കാനായിരുന്നു തീരുമാനം.
അപ്രതീക്ഷമായി മുരൾച്ച കേട്ടെത്തിയ പ്രദേശവാസികൾ സംശയം തോന്നി നോക്കിയപ്പോൾ അവശ നിലയിൽ കിടക്കുകയായിരുന്നു പുലി. നാട്ടുകാർ വിവരമറിയച്ചത് പ്രകാരം അര മണിക്കൂറിനുള്ളിൽ വനപാലകർ സ്ഥലത്ത് എത്തി. വല ഉപയോഗിച്ചാണ് പുലിയെ പിടികൂടാൻ നോക്കിയത്.
ഇരുമ്പ് കൂട്ടിലേക്ക് മാറ്റിയ പുലിയെ പിന്നീട് റാന്നിയിലെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി.ഇടതു കാലിന്റെ തുടയിലാണ് പുലിയുടെ പരിക്ക്. വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ചികിത്സ നൽകിയ ശേഷം പുലിയെ വനത്തിലേക്ക് തന്നെ വിട്ടയക്കുമെന്ന് റാന്നി ഡി.എഫ്.ഒ വ്യക്തമാക്കിയിരുന്നു.