video
play-sharp-fill

മുനമ്പം ഭൂമി പ്രശ്‌നം : സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ നിയമസാധുത : ഹൈക്കോടതി വിധി ഇന്ന്

മുനമ്പം ഭൂമി പ്രശ്‌നം : സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ നിയമസാധുത : ഹൈക്കോടതി വിധി ഇന്ന്

Spread the love

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. രാവിലെ 10.15 ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. വഖഫ് സംരക്ഷണ വേദിയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം നിയമപരമല്ലെന്നാണ് ഹര്‍ജിക്കാരായ വഖഫ് സംരക്ഷണവേദിയുടെ വാദം. സിവില്‍ കോടതിയും ഹൈക്കോടതിയും കണ്ടെത്തിയ വസ്തുതകള്‍ക്ക് വിരുദ്ധമായി, വസ്തുതാന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ കണ്ടെത്തിയതാണെന്നും ഹര്‍ജിക്കാരായ വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന് സാധാരണ ജുഡീഷ്യല്‍ കമ്മീഷന്റെ അധികാരങ്ങളില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷന്‍ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശ പ്രശ്നങ്ങളിലോ തര്‍ക്കങ്ങളിലോ വിധി പറയാന്‍ അധികാരമില്ല. സര്‍ക്കാരിന് നടപടിയെടുക്കാൻ ആവശ്യമായ വസ്തുതകള്‍ നല്‍കുക എന്നതുമാത്രമാണ് കമ്മീഷൻ നിയമനം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group