
കല്പറ്റ : ‘ഒരുത്തീ’ എന്ന സിനിമയിലൂടെ ലോകംമുഴുവൻ അറിഞ്ഞ ആ ധൈര്യശാലി സൗമ്യ ഇനി കല്പറ്റ നഗരസഭയിൽ ഇടതുപക്ഷ കൗൺസിലർ. കള്ളന്മാരുടെപിന്നാലെ പാഞ്ഞ് നഷ്ടപ്പെട്ട സ്വർണം തിരിച്ചെടുത്ത ധൈര്യശാലിയായാണ് നാട് സൗമ്യയെ അറിഞ്ഞതെങ്കിൽ ഇനിയത് കല്പറ്റ നഗരസഭാ കൗൺസിലിൽ സിപിഐയുടെ പുതുമുഖമായിട്ടായിരിക്കും.
നഗരസഭ 12-ാം വാർഡ് എമിലിത്തടത്തിലെ ഇടതുമുന്നണിസ്ഥാനാർഥിയായ സൗമ്യ 13 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 233 വോട്ടുനേടിയാണ് ജയിച്ചത്. മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നിലാണ് വിജയം. ലീഗിന്റെ റംല സുബൈറിന് 220 വോട്ടും സ്വതന്ത്രസ്ഥാനാർഥിയായ ഉമൈബ മൊയ്തീൻകുട്ടിക്ക് 82 വോട്ടുമാണ് ലഭിച്ചത്.
കൊല്ലം കല്ലുകടവ് സ്വദേശിയായ സൗമ്യ, ഭർത്താവ് ഷൈജുവിന് സ്ഥലംമാറ്റംകിട്ടിയപ്പോൾ 2017-ലാണ് വയനാട്ടിലെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ കല്പറ്റ എമിലിയിലാണ് താമസം. മാനന്തവാടി നഗരസഭയിൽ ഹെൽത്ത് ഇൻസ്പെക്ടറായ ഷൈജുവും മക്കളായ സബന്യയും സോനയും ഒപ്പമുണ്ട്.
നിലവിൽ എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ്, ഐഐഡിആർഎം സംസ്ഥാനസെക്രട്ടറി, നവോത്ഥാനമൂല്യ സംരക്ഷണസമിതി ജില്ലാസെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നുണ്ട്. “30 വർഷമായി ലീഗിന്റെ കോട്ടയാണ് എമിലിത്തടം, അതാണ് ജനം കൈയിൽ ഏൽപ്പിച്ചുതന്നിരിക്കുന്നത്. ഒരുപാട് സന്തോഷമുണ്ട്, സദ്ഭരണം കാഴ്ചവെക്കും’’ -സൗമ്യ പറഞ്ഞു.



