video
play-sharp-fill

മന്ത്രിസഭയും എൽഡിഎഫും സി പി ഐ യുടെ വിയോജിപ്പുകളും അഭിപ്രായങ്ങളും മുഖവിലയ്ക്കെടുക്കുന്നില്ലെന്ന അതൃപ്തി സിപിഐ നേതാക്കള്‍ക്കിടയില്‍ ശക്തമാകുന്നു: ഇങ്ങനെയെങ്കിൽ മുന്നണി വിടണോന്നു പോലും ആലോചന: അടുത്ത തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ബി ജെ പിയുമായി സി പി എം നീക്കുപോക്കുകൾ നടത്തുന്നതായും സിപിഐക്ക് സംശയം

മന്ത്രിസഭയും എൽഡിഎഫും സി പി ഐ യുടെ വിയോജിപ്പുകളും അഭിപ്രായങ്ങളും മുഖവിലയ്ക്കെടുക്കുന്നില്ലെന്ന അതൃപ്തി സിപിഐ നേതാക്കള്‍ക്കിടയില്‍ ശക്തമാകുന്നു: ഇങ്ങനെയെങ്കിൽ മുന്നണി വിടണോന്നു പോലും ആലോചന: അടുത്ത തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ബി ജെ പിയുമായി സി പി എം നീക്കുപോക്കുകൾ നടത്തുന്നതായും സിപിഐക്ക് സംശയം

Spread the love

തിരുവനന്തപുരം: മന്ത്രിസഭയും ഇടതുമുന്നണിയും സുപ്രധാന നയപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സിപിഐയുടെ വിയോജിപ്പുകളും അഭിപ്രായങ്ങളും മുഖവിലയ്ക്കെടുക്കുന്നില്ലെന്ന അതൃപ്തി സിപിഐ നേതാക്കള്‍ക്കിടയില്‍ ശക്തമാകുന്നു.
നാളിതുവരെ പാർട്ടി ഉന്നയിച്ച വിമർശനങ്ങളെ ഗൗനിക്കാൻ സിപിഎം തയ്യാറാകുന്നില്ലെന്ന ആക്ഷേപം സിപിഐ നേതാക്കള്‍ക്കുണ്ട്.

സിപിഐയുടെ എതിർപ്പ് മറികടന്ന് പാലക്കാട്ട് മദ്യ ഫാക്ടറിക്ക് അനുമതി നല്‍കിയതും, കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് നടപ്പാക്കാനുള്ള നീക്കങ്ങളുമാണ് സിപിഐയെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സിപിഐയുടെ ശക്തമായ എതിർപ്പ് ഉണ്ടായിട്ടും ഈ രണ്ട് വിഷയങ്ങളിലും മന്ത്രിസഭയും ഇടതുമുന്നണിയും മുന്നോട്ട് പോവുകയായിരുന്നു. ഇതിനു പിന്നാലെ പല വിഷയങ്ങളിലും സിപിഎമ്മിനെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തില്‍ നിന്നുണ്ടായത് ശ്രദ്ധേയമാണ്.

ഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നിയമനത്തിലും സിപിഐ നേതാക്കള്‍ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇടതുമുന്നണിയില്‍ സിപിഎം എടുക്കുന്ന നിലപാടുകള്‍ അംഗീകരിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് ഇനിയും അംഗീകരിച്ചു കൊടുക്കരുതെന്ന വാദമാണ് ഇപ്പോള്‍ സിപിഐയില്‍ ഉയർന്നു വരുന്നത്.
ജനകീയ വിഷയങ്ങളില്‍ സിപിഐയുടെ നിലപാടാണ് പൊതുവെ സ്വീകാര്യത നേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത് മനസ്സിലാക്കാതെയാണ് ഇടതുമുന്നണി മുന്നോട്ട് പോകുന്നതെന്നും സിപിഐ നേതാക്കള്‍ വിമർശിക്കുന്നു. പല വിഷയങ്ങളിലും ഇടതുമുന്നണിയും സർക്കാരും സ്വീകരിച്ച സമീപനം ജനപിന്തുണയ്ക്ക് കോട്ടം വരുത്തിയിട്ടുണ്ടെന്നും സിപിഐ വിലയിരുത്തുന്നു.
സിപിഐയിലെ ഭൂരിഭാഗം നേതാക്കളും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്മായി എല്‍ഡിഎഫില്‍ തുടരണമോ എന്ന് പോലും ആലോചിക്കേണ്ടതുണ്ടെന്ന് ചില സിപിഐ നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുമായി അടുത്ത ബന്ധം പുലർത്തുന്ന സിപിഐക്ക് കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമായാല്‍ എന്താണ് പ്രശ്നമെന്ന് വരെ ചില നേതാക്കള്‍ ചോദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.
ബിജെപി ‘ഫാഷിസ്റ്റോ’ എന്ന വിഷയത്തില്‍ സംസ്ഥാന സിപിഎമ്മിന്റെ മലക്കം മറിച്ചിലിനെയും സിപിഐ ശക്തമായി എതിർത്തിരുന്നു. ഇത് സിപിഎമ്മിന് തിരുത്തേണ്ടി വരുമെന്ന് വരെ ബിനോയ് വിശ്വം പറഞ്ഞിരുന്നു. റോഡ് കൈയേറിയും വഴി തടഞ്ഞുമുള്ള സിപിഎം സമ്മേളനങ്ങളെയും സിപിഐ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. വഖ്ഫ് വിഷയത്തില്‍ സിപിഎം മൃദുസമീപനം സ്വീകരിക്കുന്നുവെന്ന സംശയവും സിപിഐക്കുണ്ട്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയെപ്പോലെ ശക്തമായ ഒരു തീരുമാനം വഖ്ഫ് വിഷയത്തില്‍ കേരളത്തില്‍ ഉണ്ടാകുന്നില്ലെന്നും സിപിഐക്ക് ആക്ഷേപമുണ്ട്. അതേസമയം, സിപിഐ ദേശീയ നേതൃത്വം വഖ്ഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ള കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ ബിജെപിയുമായി നീക്കുപോക്കുകള്‍ നടത്താൻ സിപിഎം ശ്രമിക്കുന്നുണ്ടോ എന്ന സംശയവും സിപിഐക്ക് ഇല്ലാതില്ല. ഇതിന് ഡല്‍ഹിയില്‍ കെ.വി. തോമസ് ഇടനിലക്കാരനായി നില്‍ക്കുന്നുവെന്ന സംശയവും അവർക്കുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയർന്നുവന്ന മാസപ്പടി കേസിലും സിപിഐക്ക് ശക്തമായ നിലപാടുണ്ട്. ഇത് സംബന്ധിച്ച്‌ പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയതാണ്. എന്നാല്‍ മന്ത്രിസഭയുടെയും ഇടതുമുന്നണിയുടെയും എല്ലാ തീരുമാനങ്ങളെയും കണ്ണടച്ച്‌ എതിർക്കുന്നവരാണ് സിപിഐക്കാരെന്ന് സിപിഎമ്മിലെ ഒരു വലിയ വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. പരിഹാസരൂപേണ ചില നേതാക്കള്‍ ഇത് മാധ്യമങ്ങളോട് പറയാറുമുണ്ട്. എല്ലാത്തിനെയും കണ്ണടച്ച്‌ എതിർക്കുന്നത് സിപിഐയുടെ വികസന വിരുദ്ധ നിലപാടാണെന്ന് സിപിഎം നേതാക്കള്‍ തുറന്നു പറയുന്നു.

അതിനിടെ മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിലിനെ പാർട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്ത നടപടിയിലും പാർട്ടിയില്‍ അതൃപ്തി പുകയുന്നുണ്ട്. ബിനോയ് വിശ്വത്തോട് എതിർപ്പുള്ള നേതാക്കളാണ് പാർട്ടി തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നിട്ടുള്ളത്. ഈ നടപടി പാർട്ടിയില്‍ ആലോചിക്കാതെ ധൃതിപിടിച്ചെടുത്തതാണെന്ന ആക്ഷേപമാണ് ഉയരുന്നത്. പാർട്ടി മുൻ എംഎല്‍എ പി. രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കെ.ഇ. ഇസ്മായില്‍ നടത്തിയ വിവാദ പ്രസ്താവനയിലായിരുന്നു നടപടി. പാർട്ടിയിലെ വിഭാഗീയ പ്രവർത്തനം തടയുന്നതിനായി നേതാക്കള്‍ മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി ഇതിനോടകം വിലക്കിയിട്ടുണ്ട്.