
തിരുവനന്തപുരം: നിയസമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പ്രചാരണവും എൽഡിഎഫ് ഒരുവിധം തയ്യാറാക്കിവരുന്നതിനിടയിലാണ് തൊണ്ടിമുതൽ കേസിലെ വിധി എൽഡിഎഫിന് തിരിച്ചടിയാകുന്നു.
ഈ കേസ് ഒരു രാഷ്ട്രീയവിഷയമേ അല്ല. അഭിഭാഷകനെന്നനിലയിൽ ആന്റണി രാജു ചെയ്ത കുറ്റത്തിന്റെ നിയമപരിശോധനയും ശിക്ഷയുമാണുണ്ടായത്. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള വിധി കുനിന്മേൽ കുരുതന്നെയാണ്.
എൽഡിഎഫിലെ ഘടകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിന്റെ സ്ഥാപകനായ നേതാവ്, തിരുവനന്തപുരം മണ്ഡലത്തിൽ സാമുദായിക വോട്ടടക്കംനേടി വിജയിക്കാനാകുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്ന നേതാവ് -ഇതെല്ലാമായ ഒരാളാണ് അയോഗ്യതയിൽ പുറത്തുനിൽക്കേണ്ടിവരുന്നത് എന്നതാണ് ഈ വിധിയിലെ രാഷ്ട്രീയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോൺഗ്രസ് ബി-ക്ക് രണ്ടാമൂഴം മാറ്റിവെച്ചുകൊണ്ടാണ് ആദ്യ ഊഴത്തിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ ഒരേയൊരു ജനപ്രതിനിധിയായ ആന്റണി രാജു മന്ത്രിയായത്. തൊണ്ടിമുതൽ തിരിമറിക്കേസ് അന്നുമുതലേ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒരു ഭീഷണിയാകുമെന്ന സൂചന ആന്റണി രാജുവിനോ, എൽഡിഎഫിനോ ഉണ്ടായിരുന്നില്ല.
13 വർഷത്തിനുശേഷമാണ് ഇപ്പോൾ ശിക്ഷവരുന്നത്. അതിനിടയിൽ മന്ത്രിപദവിയുടെ ഊഴം കഴിഞ്ഞിരുന്നുവെന്നത് സർക്കാരിനും മുന്നണിക്കും ഏൽക്കുന്ന ആഘാതം കുറച്ചുവെന്നു പറയാം.
ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ളതും തീരദേശത്തെ ജനങ്ങൾ വിധിനിർണയിക്കുന്നതുമായ മണ്ഡലമാണ് തിരുവനന്തപുരം. പാർട്ടിയുടെ ഒരേയൊരു സീറ്റിൽ മത്സരിക്കാൻ കളമൊരുക്കി മണ്ഡലത്തിൽ നിറഞ്ഞുനിന്നുതുടങ്ങുമ്പോഴാണ് പഴയകാല ചെയ്തിയുടെ ശിക്ഷയും അയോഗ്യതയും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവരുന്നത്.
ആന്റണി രാജുവില്ലെങ്കിൽ മണ്ഡലം സിപിഎം ഏറ്റെടുക്കാനാകും സാധ്യത. സാമുദായിക സമവാക്യങ്ങളെല്ലാം ഒത്തുപോകുന്നവിധത്തിൽ പുതിയൊരു സ്ഥാനാർഥിയെ കണ്ടെത്തുക എന്നതും സിപിഎം നേരിടുന്ന വെല്ലുവിളിയാണ്.



