video
play-sharp-fill

കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം; പ്രതിഷേധിച്ച് രാജ്ഭവന് മുന്നിൽ സത്യാഗ്രഹവുമായി എൽഡിഎഫ്; അന്ധമായ രാഷ്ട്രീയ നിലപാടും കേന്ദ്ര സർക്കാരിനോടുള്ള വിധേയത്വവുമാണ് പ്രതിപക്ഷ നിലപാടിന് പിന്നിൽ

കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം; പ്രതിഷേധിച്ച് രാജ്ഭവന് മുന്നിൽ സത്യാഗ്രഹവുമായി എൽഡിഎഫ്; അന്ധമായ രാഷ്ട്രീയ നിലപാടും കേന്ദ്ര സർക്കാരിനോടുള്ള വിധേയത്വവുമാണ് പ്രതിപക്ഷ നിലപാടിന് പിന്നിൽ

Spread the love

സ്വന്തം ലേഖിക 

തിരുവനന്തപുരം: കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിൽ പ്രതിഷേധിച്ച് രാജ്ഭവന് മുന്നിൽ സത്യാഗ്രഹവുമായി എൽഡിഎഫ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന നേതാക്കളും, തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും സെപ്തംബർ 21ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ രാജ്ഭവന് മുന്നിൽ സത്യഗ്രഹം നടത്തും.

കേരളത്തിന്റെ സമഗ്ര വികസനവും, ക്ഷേമ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നും, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് കേരളത്തെ ഞെരുക്കുന്ന നടപടികളിൽ നിന്നും പിൻമാറണമെന്നുമാണ് സമരത്തിൽ ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സർക്കാർ ഇങ്ങനെ സംസ്ഥാനത്തെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുമ്പോഴും കേരളത്തിലെ പ്രതിപക്ഷം അതിനെതിരെ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകുന്നില്ല. അന്ധമായ രാഷ്ട്രീയ നിലപാടും കേന്ദ്ര സർക്കാറിനോടുള്ള വിധേയത്വവുമാണ് പ്രതിപക്ഷ നിലപാടിന് പിന്നിൽ. ഇതും കേരളത്തോടുള്ള പ്രതികാര മനോഭാവമായേ കാണാൻ കഴിയൂ. നികുതിയിനത്തിൽ കേരളം കേന്ദ്രത്തിനു ഒരു രൂപ നൽകുമ്പോൾ തിരിച്ച് കേരളത്തിന് സംസ്ഥാന വിഹിതമായി നൽകുന്നത് 25 പൈസയിൽ താഴെയാണ്. അതേസമയം ഉത്തർപ്രദേശിന് ഒരു രൂപയ്ക്ക് പകരം ഒരു രൂപ എൺപത് പൈസ തോതിലാണ് തിരിച്ച് നൽകുന്നത്.

പത്താം ധനകാര്യ കമ്മീഷനിൽ നിന്നും പതിനഞ്ചാം ധനകാര്യ കമ്മീഷനിലെത്തുമ്പോൾ ഡിവിസിബിൾ പൂളിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്നത് 3.8 ശതമാനത്തിൽ നിന്നും 1.9 ശതമാനമായി കുറച്ചിരുന്നു. ഇതിലൂടെ മാത്രം 18,000 കോടി രൂപയുടെ കുറവാണുണ്ടായത്. സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 45 ശതമാനവും കേന്ദ്രസർക്കാർ നൽകുന്ന നിലയായിരുന്നു നാല് വർഷം മുമ്പ് വരെ. അത് 30 ശതമാനമായിരിക്കുന്നു.

റവന്യൂ വരുമാനത്തിന്റെ 70 ശതമാനവും സംസ്ഥാനം കണ്ടെത്തേണ്ടി വരുന്നു. ചില സംസ്ഥാങ്ങൾക്ക് 70 ശതമാനം വരെ കേന്ദ്ര വിഹിതം നൽകുമ്പോഴാണ് കേരളത്തോട് ഈ ചിറ്റമ്മ നയം. ജിഎസ്ടി നഷ്ടപരിഹാര തുക അവസാനിപ്പിച്ചതിലൂടെ പ്രതിവർഷം 12,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ്. കടമെടുപ്പ് പരിധി ജിഡിപിയുടെ 3.5 ശതമാനമായി കുറച്ചതും ക്രൂരതയാണ്. ഇതിനും പുറമെയാണ് കിഫ്ബിയും, പെൻഷൻ കമ്പനിയും എടുക്കുന്ന കടം സംസ്ഥാന സർക്കാരിന്റെ കടമായി കണക്കാക്കുമെന്ന സമീപനവുമെന്നും അദ്ദേഹം വിശദമാക്കി.

കേന്ദ്ര സർക്കാറിന്റെ ഇത്തരം നീക്കങ്ങൾക്കൊപ്പം ഗവർണ്ണറും സംസ്ഥാനത്തിനെതിരെ നിഷേധ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നില്ല. ഒപ്പിടാത്ത പക്ഷം തിരിച്ചയക്കുകയോ രാഷ്ട്രപതിക്കയക്കുകയോ ചെയ്യാമെങ്കിലും അതും ചെയ്യാതെ ഫയൽ പിടിച്ചുവച്ചിരിക്കുകയാണ്.

ഇങ്ങനെ ഫയൽ അനന്തമായി പിടിച്ച് വെക്കുന്നത് ജനാധിപത്യ വിരുദ്ധവും ഫെഡറലിസത്തിന്റെ അന്തസത്തക്ക് കടക വിരുദ്ധവുമാണ്. ഈ സമീപനം ഗവർണ്ണർ തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഉപവാസം. സമരം വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.