നൽകിയ 600 വാഗ്ദാനങ്ങളിൽ നടപ്പിലാക്കാനുള്ളത് 53 എണ്ണം മാത്രം,ചരിത്രത്തിൽ ഇത് ആദ്യ സംഭവം : മുഖ്യമന്ത്രി
സ്വന്തം ലേഖിക
കൊച്ചി: അധികാരത്തിലേറുമ്പോൾ ഇടതുമുന്നണി 600 വാഗ്ദാനങ്ങളാണ് ജനങ്ങൾക്കായി നൽകിയത്. ഇതിൽ ഇനി നടപ്പിലാക്കാൻ ബാക്കിയുള്ളത് 53 എണ്ണം മാത്രമാണ് ബാക്കിയുള്ളത്.ബാക്കിയെല്ലാം പൂർത്തിയാക്കിയതിൽ സന്തോഷമുണ്ട്. പൂർത്തിയാക്കാനുള്ളത് സർക്കാരിന്റെ നാലാംവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ടിഡിഎം ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. നിക്ഷേപത്തിനായി ബഹുരാഷ്ട്ര കമ്പനികളടക്കം വരാൻ തയ്യാറായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോൾ രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമെന്ന പദവി കേരളത്തിനു ലഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ വാക്കുകൾ;
600 കാര്യങ്ങളാണ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരിക്കും ഇത്. ജനങ്ങളോടു പറഞ്ഞ കാര്യങ്ങൾ ചെയ്യുന്ന സർക്കാരാണിത്. മൂന്നരവർഷം മുമ്പ്് ഇന്ത്യയിൽ അഴിമതിയിൽ ഒന്നാം സ്ഥാനത്തായിരുന്നു കേരളം. ഇന്നതൊക്കെ മാറി. ഇപ്പോൾ രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമെന്ന പദവി കേരളത്തിനു ലഭിച്ചു. നിക്ഷേപത്തിനായി ബഹുരാഷ്ട്ര കമ്പനികളടക്കം വരാൻ തയ്യാറായിരിക്കുകയാണ്.
യുഡിഎഫ് ഭരണത്തിൽ സാംസ്‌കാരിക ജീർണതയാണുണ്ടായിരുന്നത്. ഭരണതലത്തിൽ തന്നെ ആ ജീർണത നിലനിന്നു. ഇടതുപക്ഷം വന്നതോടെ മലയാളിയുടെ സംസ്‌കാരം വീണ്ടെടുക്കാൻ സാധിച്ചു. ദേശീയപാതാ വികസനമൊന്നും നടക്കില്ലെന്ന ധാരണയായിരുന്നു മുമ്ബ്. അതെല്ലാം ഇപ്പോൾ മാറി. തടസ്സം നിന്നവർക്കും ഇത് ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യമാണെന്നു മനസ്സിലായി. കേരളത്തിൽ ഭൂമിക്ക് വില കൂടുതലായതിനാൽ സംസ്ഥാന സർക്കാർ ഒരു ഭാഗം വഹിക്കണമെന്നാണു കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. ചർച്ചയ്ക്കുശേഷം 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്നേറ്റു. ദേശീയപാതയ്ക്ക് സ്ഥലമെടുപ്പ് പൂർത്തിയാക്കിയ ചെങ്ങള-തലപ്പാടി, ചെങ്ങള-നീലേശ്വരം ഭാഗത്ത് നിർമ്മാണം നടത്താൻ ഉടൻ ടെൻഡർ ക്ഷണിക്കും. ബാക്കിസ്ഥലങ്ങളിൽ സ്ഥലമെടുപ്പ് നടപടികൾ നടക്കുകയാണ്.
പ്രധാനമന്ത്രിയെ ആദ്യം കാണാൻ ചെന്നപ്പോൾ ഗെയിൽ പൈപ്പ് ലൈൻ മുടങ്ങിയതിനെക്കുറിച്ചാണ് അദ്ദേഹം പരാതിപ്പെട്ടത്. ഇപ്പോൾ ആ തടസ്സങ്ങളെല്ലാം നീങ്ങി. ഇനി ഗെയിൽ പൈപ്പ് വലിക്കാനുള്ള താമസം മാത്രമേയുള്ളു. കൂടങ്കുളം വൈദ്യുതി ലൈനിലെ തടസ്സങ്ങൾ കാരണം പവർഗ്രിഡ് കോർപ്പറേഷൻ പദ്ധതി ഉപേക്ഷിച്ചുപോയതായിരുന്നു. ഇടതുസർക്കാർ വന്ന ശേഷം തടസ്സങ്ങൾനീക്കി ലൈൻ ചാർജ് ചെയ്തു. കരിമണൽ ഖനനത്തിന് പൊതുമേഖലയിൽ സംവിധാനമൊരുക്കും. ഏതു ഖനനവും പൊതുമേഖലയിൽ വേണമെന്നതാണു സർക്കാർനയം. ടൈറ്റാനിയം വികസനത്തിനുള്ള സാധ്യതകൾ സർക്കാർ ഉപയോഗപ്പെടുത്തും.