play-sharp-fill
എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിശ്വാസങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചു: തിരുവഞ്ചൂര്‍

എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിശ്വാസങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചു: തിരുവഞ്ചൂര്‍

സ്വന്തം ലേഖകൻ

കോട്ടയം: എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിശ്വാസങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യു.ഡി.എഫ്. പനച്ചിക്കാട് മണ്ഡലത്തിലെ വാഹന പര്യടനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ മറുപടി നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ്. എടുത്തനിലപാടില്‍ അവര്‍ ഇപ്പോള്‍ മാപ്പ് പറയുകയാണ്. ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ ഇന്ന് ഈ നാട്ടിലെ എല്ലാവരുടെയും മനസില്‍ വേദനയും ദുഃഖവുമായി നിലനില്‍ക്കുകയാണ്. ആരാധനാക്രമങ്ങള്‍ അനുഷ്ടിച്ച് പോരുന്ന ഒരു സമൂഹത്തിന്റെ വേദനയായാണ് അതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസിന്റെ സമ്മുന്നദരായ നേതാക്കളെ ജയിലില്‍ കയറ്റുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ചെയ്തത്.
രാഷ്ട്രീയമായി ഇഷ്ടമില്ലാത്തവരെയെല്ലാം തകര്‍ക്കുന്നതിനു വേണ്ടി ശ്രമിക്കുകയാണ്. അതിനോട് യോജിക്കാന്‍ സാധിക്കില്ല. സര്‍ സി.പിയുടെ കാലം പോലെ കേരളത്തെ പുറകോട്ട് വലിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാസം 35 കിലോ അരി സൗജന്യമായി നല്‍കിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന യാഥാര്‍ഥ്യം ഓര്‍ക്കണം. അേപ്പാഴാണ് ആയിരത്തിന്റെ കിറ്റുമായി വന്ന് വോട്ടുമുഴുവന്‍ തരണമെന്ന് എല്‍.ഡി.എഫ്. പറയുന്നത്. ഈ സര്‍ക്കാരിന് എന്ത് വിശ്വസ്തഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നാട്ടില്‍ നടക്കുന്ന കൊള്ളയും കള്ളപ്പണികളും എതിര്‍ക്കുന്നതിനു വേണ്ടിയാണ് ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്ന് പറയുന്നത്. സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തും എന്നുവേണ്ട കേരളം ഇന്നുവരെ കേള്‍ക്കാത്ത തരത്തിലുള്ള കൊള്ളകള്‍ നടക്കുകയാണ്. ലക്ഷോപലക്ഷം ആളുകള്‍ കടലിനെ ആശ്രയിച്ചു ജീവിക്കുന്നു. പക്ഷേ കടലുപോലും വില്‍ക്കുന്നതിനുവേണ്ടി തയ്യാറായ ഒരു സര്‍ക്കാരാണ് ഇന്ന് കേരളത്തിലുള്ളത്. അത് നമ്മുക്ക് മറക്കാന്‍ സാധിക്കില്ല. നാടിന്റെ വികസനപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനുവേണ്ട നടപടിയെടുത്തേ മതിയാകു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആരംഭിച്ച 17 പദ്ധതികളാണ് ഈ സര്‍ക്കാര്‍ പൂട്ടിയിട്ടത്. ആ പദ്ധതികള്‍ വീണ്ടും ആരിഭിക്കുന്നതിന് യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് യു.ഡി.എഫ്. പനച്ചിക്കാട് മണ്ഡലത്തില്‍ ഉജ്വല സ്വീകരണം നല്‍കി. സ്ഥാനാര്‍ഥിയുടെ വാഹന പര്യടനത്തിന് ചോഴിയക്കാട് കുരിശുകവലയില്‍നിന്ന് തുടക്കം കുറിച്ചു. രാവിലെ എട്ടിന് കെ.പി.സി.സി. സെക്രട്ടറി നാട്ടകം സുരേഷ് പര്യടനം ഉദ്ഘാടനം ചെയ്തു. ബാബുക്കുട്ടി ഈപ്പന്‍ അധ്യക്ഷത വഹിച്ചു. ജോണി ജോസഫ്, എസ്. രാജീവ്, സിബി ജോണ്‍, പി.കെ. വൈശാഖ്, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, അനീഷ തങ്കപ്പന്‍, ടി.സി. അരുണ്‍, കുര്യന്‍ പി. കുര്യന്‍, മോഹന്‍ കെ. നായര്‍, എബിസണ്‍ കെ. ഏബ്രഹാം, റോയി മാത്യു, ജെ.ജി. പാലയ്ക്കലോടി, പ്രിയ മധുസൂദനന്‍, ജീന ജേക്കബ്, ബോബി സ്‌കറിയ, റോയി ജോര്‍ജ്, ഇട്ടി അലക്‌സ്, ബിനിമോള്‍, എന്നിവര്‍ പ്രസംഗിച്ചു.

സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലിയാണ് വിവിധ കേന്ദ്രങ്ങളില്‍ തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ കാത്തുനിന്നത്. പനച്ചിക്കാടിന്റെ ജനമനസ് യു.ഡി.എഫിന് ഒപ്പമാണെന്ന വിളംബരമായിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലും തടിച്ചുകൂടിയ ജനാവലി. വാദ്യമേളങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയാണ് സ്വീകരണമൊരുക്കിയത്. യു.ഡി.എഫ്. പനച്ചിക്കാട് മണ്ഡലത്തിലെ വാഹന പര്യടനം പടിയറക്കടവില്‍ സമാപിച്ചു. ഇന്ന് വൈകുന്നേരം നാലിന് കൊല്ലാട് പാറയ്ക്കല്‍ കടവില്‍നിന്ന് യു.ഡി.എഫ്. കൊല്ലാട് മണ്ഡലത്തിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാഹനപര്യടനം ആരംഭിക്കും.