ഇടതു പാർട്ടികളുടെ ദേശീയ പാർട്ടി പദവി ഭീഷണിയിൽ: രാജ്യത്ത് ഒരിടത്തും സീറ്റില്ലാത്ത അവസ്ഥ; പ്രതീക്ഷ വച്ചിരുന്ന കേരളത്തിൽ വട്ടപ്പൂജ്യം

Spread the love

പൊളിറ്റിക്കൽ ഡെസ്‌ക്

ന്യൂഡൽഹി: സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതു പാർട്ടികൾ ബിജെപിയുടെ കുതിച്ചുകയറ്റത്തിൽ തകർന്നടിഞ്ഞു. പരമാവധി സീറ്റുകൾ പ്രതീക്ഷിച്ച കേരളത്തിൽ വട്ടപ്പൂജ്യമായപ്പോൾ, ബംഗാളിലും ത്രിപുരയിലും മത്സരം കാഴ്ച വയ്ക്കാൻ ഇടതു മുന്നണി സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും സാധിച്ചില്ല. ജെ.എൻ.യു സമര നായകൻ കനയ്യകുമാർ പോലും ദാരുണമായ തോൽവിയാണ് ഏറ്റുവാങ്ങുന്നത്. പാർലമെന്റിൽ പേരിന് പോലും ഇടതു മുന്നണിയ്ക്ക് ആളില്ലാത്ത സ്ഥിതിയായി.
കഴിഞ്ഞ തവണ കഷ്ടിച്ച പതിനഞ്ച് സീറ്റാണ് ഇടതു മുന്നണി കടന്നിരുന്നത്. കേരളത്തിൽ നിന്നടക്കം പന്ത്രണ്ട് സീറ്റ് നേടിയ സിപിഎമ്മും, തൃശൂർ സീറ്റ് മാത്രം ജയിച്ച സിപിഐയുമായിരുന്നു മുന്നിൽ നിന്നിരുന്നത്. ഇത്തവണ പക്ഷേ, കേരളത്തിൽ വട്ടപ്പൂജ്യമായതോടെ ഇതും നടക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങളിൽ എങ്കിലും ജനപ്രതിനിധികൾ ഉണ്ടെങ്കിൽ മാത്രമേ ദേശീയ പാർട്ടി പദവി നിലനിർത്താൻ സാധിക്കൂ. എന്നാൽ, കേരളത്തിൽ വട്ടപ്പൂജ്യമായാൽ വീണ്ടും ഇടതു മുന്നണിയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമാകുമെന്നാണ് സൂചന.
പാർലമെന്റിലെ നിർണ്ണായക ശക്തിയും, തിരുനത്തൽ ശക്തിയുമായിരുന്നു നേരത്തെ ഇടതു പാർട്ടികൾ. എന്നാൽ, തിരഞ്ഞെടുപ്പിലെ തോൽവിയോടെ ഇടതു പാർട്ടികൾ രാജ്യത്ത് അപ്രസക്തമായി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ പ്രാദേശിക പാർട്ടികളുടെ നിലവാരത്തിൽ നിന്നും താഴേയ്ക്ക് ഇടതു മുന്നണി പോയിരിക്കുകയാണ്. ഇത് അക്ഷരാർത്ഥത്തിൽ ഇടതു പാർട്ടികൾ പുനർചിന്തനം നടത്തേണ്ട സാഹചര്യത്തിലേയ്ക്കാണ് എത്തിച്ചിരിക്കുന്നത്.