ആയിരങ്ങൾ തിങ്ങി നിറഞ്ഞു; തിരുനക്കര ജന സാഗരമായി: ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവൻഷന് ഗംഭീര തുടക്കം: കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ആയിരങ്ങൾ തിങ്ങി നിറഞ്ഞു; തിരുനക്കര ജന സാഗരമായി: ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവൻഷന് ഗംഭീര തുടക്കം: കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: അയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവൻഷന് ഗംഭീര തുടക്കം. ഇടത് മുന്നണി നേതാക്കളും പ്രവർത്തകരും നിരന്ന വേദിയിൽ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്.
ജനങ്ങൾക്ക് ഇടയിൽ നിന്ന് ഇടത് മുന്നണി സ്ഥാനാർത്ഥികളെ കണ്ടെത്തിയപ്പോൾ , ജനകീയ അടിത്തറയില്ലാത്ത കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ നിർമ്മിക്കുകയാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി സർക്കാരിന് ബദൽ ഉയർത്തുക എന്നതാണ് രാജ്യത്ത് ഉയരുന്ന മുദ്രാവാക്യം. ഈ ബദലിന് കേരളത്തിൽ നിന്നുള്ള കരുത്ത് വേണം. ഇടത് മുന്നണി ഒരു മണിക്കുർ കൊണ്ടാണ് സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കിയത്. മറ്റു പാർട്ടികളും മുന്നണികളും തർക്കവും ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ മാത്രം മതി ഇരുപത് സീറ്റിലും ഇടത് മുന്നണിയ്ക്ക് വിജയിച്ച് കയറാൻ സാധിക്കും. പതിനെട്ട് സീറ്റിലും വിജയിച്ച ചരിത്രം കേരളത്തിൽ ഇടത് മുന്നണിയ്ക്കുണ്ട്.
ജവാന്മാരെയും പട്ടാളത്തെയും , ശബരിമലയെയും പരാമർശിക്കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. ഇനി തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് പറയാൻ ഒന്നുമില്ലാത്ത അവസ്ഥയാണ്. അതിർത്തിയിൽ യുദ്ധ സമാനമായ അന്തരീക്ഷം ഉണ്ടാക്കി കപട ദേശീയത വളർത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. നരേന്ദ്ര മോദിക്കെതിരെ സംസാരിക്കുന്നവർ ദേശ വിരുദ്ധരാണെങ്കിൽ ഇന്ത്യയിൽ ഭൂരിപക്ഷവും ദേശവിരുദ്ധരാണ്. കേരളത്തിൽ ഇടത് സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും ഒന്നിച്ച നിൽക്കുകയാണ്. കൊടി പിടിക്കാതെ ശബരിമല സംരക്ഷണ സമരത്തിൽ പങ്കെടുക്കാമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇത് അനുസരിച്ച് കോൺഗ്രസ് നേതാവ് രാമൻ നായരും ,മുൻ വനിതാ കമ്മിഷൻ അംഗം പ്രമീള ദേവിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തി. ശ്രീധരൻപിള്ളയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ഒരേ ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു.
എൽ ഡി എഫ് സ്ഥാനാർത്ഥി വി എൻ വാസവൻ , സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ , സി പി എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ , സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം വി.ബി ബിനു , എൻ സി പി മാണി സി കാപ്പൻ എന്നിവർ പ്രസംഗിച്ചു.