കലാലയവളപ്പിൽ ആവേശം വിതറി എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ
സ്വന്തം ലേഖകൻ
കോട്ടയം: നഗരഹൃദയത്തിലുള്ള ബസേലിയസ‌് കോളേജിൽ വന്നിറങ്ങിയ സ്ഥാനാർഥിയെ കാത്തുനിന്ന വിദ്യാർഥി–-വിദ്യാർഥിനികൾ മുദ്രാവാക്യം വിളികളോടെ ഹൃദ്യമായ സ്വീകരണമൊരുക്കി. കോട്ടയം ലോക‌്സഭാ മണ്ഡലത്തിന്റെ പുതിയ പ്രതീക്ഷയും വിദ്യാർഥികളുടെയടക്കം ആവേശവുമാണ‌് വി എൻ വാസവനെന്ന‌് തെളിയിക്കുന്നതായിരുന്നു സ്വീകരണം. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജെയ‌്ക്ക‌് സി തോമസും ഒപ്പമുണ്ടായിരുന്നു.
വി എൻ വാസവന്റെ വലിയ കട്ടൗട്ടും ബാനറുകളും വർണക്കുടകളുമായിട്ടായിരുന്നു സ്വീകരണം. വിദ്യാർഥികൾ സ്ഥാനാർഥിക്ക‌് ഹസ‌്തദാനം ചെയ‌്തു; ഒപ്പം നിന്ന‌് ചിത്രമെടുത്തു. വിദ്യാർഥികൾ അവരുടെ അകമഴിഞ്ഞ പിന്തുണ എൽഡിഎഫ‌് സ്ഥാനാർഥിയെ അറിയിച്ചു. തുടർന്ന‌് കോളേജ‌് പ്രിൻസിപ്പൽ ഡോ. ജാൻസി ജെയിംസിനെ സന്ദർശിച്ചു. പിന്നീട‌് ഓഫീസ‌് ജീവനക്കാരോടും വോട്ടഭ്യർഥിച്ചു. എല്ലാവരും സ‌്നേഹവും സഹകരണവും വാഗ‌്ദാനം ചെയ‌്തു. പിന്നീട‌് മുദ്രാവാക്യം വിളികൾക്കിടയിലൂടെ പുറത്തേക്ക‌്. വടവാതൂർ എംആർഎഫിൽ നൂറുകണക്കിന‌് തൊഴിലാളികൾ കോട്ടയം മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന‌് ആവേശകരമായ സ്വീകരണമൊരുക്കി. തൊഴിലാളികളുടെ ആവശ്യങ്ങൾക്ക‌് എക്കാലവും കൂടെയുണ്ടായിരുന്ന പ്രിയ സ്ഥാനാർഥിയെ വരവേൽക്കാൻ തൊഴിലാളികൾ ഒന്നടങ്കം എത്തി. ബുധനാഴ‌്ച പകൽ 2.30–-ഓടെയായിരുന്നു എംആർഎഫ‌് അങ്കണത്തിൽ വി എൻ വാസവൻ എത്തിയത‌്. എംആർഎഫ‌് എംപ്ലോയീസ‌് യൂണിയൻ നേതൃത്വത്തിൽ അദ്ദേഹത്തെ മാലയിട്ട‌് സ്വീകരിച്ചു. മുദ്രാവാക്യം വിളികളോടെ യോഗസ്ഥലത്തേക്ക‌് ആനയിച്ചു.
എംആർഎഫിലെ തൊഴിലാളികൾക്ക‌് പല അവശ്യഘട്ടങ്ങളിലും വി എൻ വാസവൻ ഇടപെട്ട‌് ചെയ‌്ത സഹായങ്ങൾ തൊഴിലാളി നേതാക്കൾ അനുസ‌്മരിച്ചു. അധ്വാനിക്കുന്നവന്റെ വയറ്റത്തടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കുള്ള മറുപടിയാകും വി എൻ വാസവന്റെ വിജയമെന്ന‌് പ്രഖ്യാപിക്കുന്നതായിരുന്നു സ്വീകരണത്തിലെ ആവേശം.
യോഗത്തിൽ രാജ്യത്തെ തൊഴിലാളി പ്രക്ഷോഭങ്ങൾ ഓർമിപ്പിച്ചു കൊണ്ട‌് സ്ഥാനാർഥിയുടെ ലഘുപ്രസംഗം. ഇന്ത്യൻ തൊഴിലാളി വർഗം സടകുടഞ്ഞ‌് എഴുന്നേറ്റ കാലമാണിതെന്ന‌് വി എൻ വാസവൻ പറഞ്ഞു. അധ്വാനിക്കുന്ന വർഗത്തിന്റെ വികാര വിചാരങ്ങൾ പ്രതിഫലിപ്പിക്കാൻ ഇടതുപക്ഷത്തിനുമാത്രമേ കഴിയൂ.
സ്ഥാനാർഥിക്ക‌് കെട്ടിവയ‌്ക്കാൻ യൂണിയൻ സ്വരൂപിച്ച പണം യൂണിയൻ പ്രസിഡന്റ‌് കെ എൻ മനോജ‌് വി എൻ വാസവന‌് നൽകി. യോഗത്തിൽ അഡ്വ. റജി സഖറിയ, എ കെ ആലിച്ചൻ എന്നിവർ സംസാരിച്ചു.