
സ്വന്തം ലേഖകൻ
കൊല്ലം: കേരള വനംവികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന് പ്രകൃതി ശ്രീവാസ്തവ മാനേജിങ് ഡയറക്ടർ. ഔദ്യോഗിക വാഹനത്തിൽ ലതികാ സുഭാഷ് നടത്തിയ സ്വകാര്യ യാത്രകളുടെ പേരിൽ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന നിർദ്ദേശം പ്രകൃതി ശ്രീവാസ്തവ നൽകിയതോടെയാണ് പ്രശ്നം വഷളായത്.
ജനുവരി ഒന്നുമുതൽ ഏപ്രിൽ 30 വരെ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റർ സ്വകാര്യയാത്ര നടത്തിയതായി എം.ഡി. നൽകിയ കത്തിലുണ്ട്. ഇതിന് നഷ്ടപരിഹാരമായി 97,140 രൂപ ജൂൺ 30-നുമുമ്പ് അടയ്ക്കണമെന്നാണ് നിർദേശം. പണം തിരിച്ചടച്ചില്ലെങ്കിൽ ഓണറേറിയത്തിൽനിന്ന് തുക ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔദ്യോഗിക വാഹനമായ കെ എൽ 05 എ ഇ 9173 എന്ന കാർ കോർപ്പറേഷൻ ആവശ്യങ്ങൾ കൂടാതെ ചെയർപേഴ്സൺ ഉപയോഗിച്ചെന്നാണ് പരാതി. എം.ഡി. പ്രകൃതി ശ്രീവാസ്തവ, ചെയർപേഴ്സന്റെ പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയതായും പറയുന്നുണ്ട്.
ലതികാ സുഭാഷിന്റെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള താത്കാലിക ജീവനക്കാരെ കഴിഞ്ഞയാഴ്ച എം.ഡി. പിരിച്ചുവിട്ടിരുന്നു. വിവിധ തസ്തികകളിലേക്ക് ചെയർപേഴ്സന്റെ ശുപാർശയിൽ നിയമിച്ചവരെയാണ് ജോലിയിൽനിന്ന് ഒഴിവാക്കിയത്. ചെയർപേഴ്സന്റെ ഡ്രൈവറെയും പിരിച്ചുവിട്ടു. എൻ.സി.പി.യിലെ ചേരിപ്പോരാണ് വനംവികസന കോർപ്പറേഷനിലേക്ക് വ്യാപിച്ചതെന്ന് പറയുന്നു.




