രണ്ടാം പിണറായി സർക്കാരിന്റെ ഒടുവിലത്തെ ബജറ്റ് നാളെ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റായതിനാല്‍ കൈയടി ലഭിച്ചേക്കാവുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.

Spread the love

തിരുവനന്തപുരം: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാല്‍ നാളെ (ജനുവരി 29) അവതരിപ്പിക്കും.
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റാണിത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റായതിനാല്‍ കൈയടി ലഭിച്ചേക്കാവുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെക്കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയില്‍ സമർപ്പിക്കും.

video
play-sharp-fill

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സാമൂഹ്യ സുരക്ഷാ മേഖലകള്‍ക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാല്‍ സൂചിപ്പിച്ചു. ഈ മേഖലകളില്‍ നല്ല തീരുമാനങ്ങളുണ്ടാകുമെന്നും എന്നാല്‍ ഇത് ലഭ്യമായ വിഭവങ്ങളെ ആശ്രയിച്ചിരിക്കുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ക്ഷേമ പെൻഷൻ 2,500 രൂപയായി ഉയർത്തിയേക്കാം. സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചേക്കാം. ഇത്തവണത്തേത് യാഥാർഥ്യബോധത്തോടെയും പ്രായോഗികമായും തയ്യാറാക്കുന്ന ബജറ്റാണെന്ന് ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

സാമൂഹ്യ സുരക്ഷാ പെൻഷൻ വർധിപ്പിക്കുന്നതിനൊപ്പം വയോജനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. പ്രായമായവരുടെ സംരക്ഷണത്തില്‍ കേരളത്തെ ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള ‘സില്‍വർ ഇക്കണോമി’ ചട്ടക്കൂട് രൂപീകരിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഗവർണറുടെ നയപ്രഖ്യാപനത്തില്‍ സില്‍വർ ഇക്കണോമിയെക്കുറിച്ചും കേരളത്തെ ഗ്ലോബല്‍ ഡെസ്റ്റിനേഷനായി മാറ്റേണ്ടതിനെക്കുറിച്ചും പരാമർശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തങ്ങളെ നേരിടാനുള്ള ‘കാറ്റസ്ട്രോഫി ബോണ്ടുകള്‍’, പ്രതിരോധ ഗവേഷണ വികസന ഇടനാഴി, തീരദേശ സംരക്ഷണത്തിനുള്ള ജിയോ-ട്യൂബുകള്‍, എയിംസ് ഫണ്ട്, ശബരിമല റെയില്‍വേ പദ്ധതിയുടെ വേഗത കൂട്ടല്‍, കാർഷിക വിളകള്‍ക്കും ഗള്‍ഫില്‍ നിന്നെത്തുന്നവർക്കും സഹായം എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്. ഭവന നിർമാണം, പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കല്‍, യുവ സംരംഭകത്വ പരിപാടികള്‍, നിക്ഷേപകരെ ആകർഷിക്കാനുള്ള പദ്ധതികള്‍ എന്നിവയ്ക്കും ബജറ്റില്‍ മുൻഗണന ലഭിച്ചേക്കാം.

അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്രസർക്കാരിന്റെ നയങ്ങള്‍ കാരണം സാമ്പത്തിക ഞെരുക്കം നേരിട്ടെങ്കിലും സാമൂഹ്യക്ഷേമ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചുവെന്നാണ് സർക്കാർ കരുതുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ 2,000 രൂപയായി ഉയർത്തിയതും സ്ത്രീ സുരക്ഷാ പെൻഷനും കണക്‌ട് ടു വർക്ക് പദ്ധതിയും അടക്കം സർക്കാർ ചൂണ്ടിക്കാട്ടുന്നു.

സാമൂഹ്യക്ഷേമ മേഖല, പരമ്പരാഗത വ്യവസായങ്ങള്‍, വിഴിഞ്ഞം തുറമുഖം പോലുള്ള പദ്ധതികളിലെ നിക്ഷേപങ്ങള്‍ പ്രധാന നേട്ടങ്ങളായി മന്ത്രി കെഎൻ ബാലഗോപാല്‍ എടുത്തുപറയുന്നു. കിഫ്ബി ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയ തോതിലുള്ള നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ സംസ്ഥാനം ഇതിന്റെ പ്രയോജനം നേടുമെന്നും പ്രതീക്ഷിക്കുന്നു