
അന്ത്യശാസനയുമായി സുപ്രീംകോടതി ; മരടിലെ ഫ്‌ളാറ്റുകൾ രണ്ടാഴ്‌യചയ്ക്കകം പൊളിക്കണം
സ്വന്തം ലേഖിക
ന്യൂഡൽഹി : മരടിലെ ഫ്‌ളാറ്റുകൾ രണ്ടാഴ്ചയ്ക്കകം പൊളിക്കണമെന്ന് സുപ്രിംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബർ 20 നകം ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാനാണ് ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടത്. ഫൽറ്റുകൾ പൊളിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. കേസ് 23 ന് പരിഗണിക്കുമ്‌ബോൾ, കേരള ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാൻ സുപ്രിംകോടതി മെയ് എട്ടിന് ഉത്തരവിട്ടിരുന്നു. പൊളിച്ചുനീക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു ഉത്തരവ്. എന്നാൽ കോടതി വിധി നടപ്പാക്കാൻ വൈകിയതോടെ, കോടതി സ്വമേധയാ കേസെടുത്താണ് ഫ്‌ളാറ്റുകൾ പൊളിക്കാൻ അന്ത്യശാസനം നൽകിയത്. ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള സുപ്രിംകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുകൾ സുപ്രിംകോടതിയിൽ പുനഃപരിശോധന ഹർജി നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ജൂലായ് 11 ന് ഈ ഹർജി തള്ളിയ കോടതി, ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഹോളിഡേഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിച്ചുനീക്കാൻ ഉത്തരവിട്ടിട്ടുള്ളത്.
2006 ൽ മരട് പഞ്ചായത്തായിരിക്കെ തീരദേശ പരിപാലന സോൺ മൂന്നിൽ ഉൾപ്പെട്ട പ്രദേശത്താണ് ഫ്‌ളാറ്റുകൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. ഫ്‌ളാറ്റുകൾ സ്ഥിതിചെയ്യുന്ന സ്ഥലം സിആർ ഇസഡ് സോൺ രണ്ടിലാണെന്നും, ഇവിടത്തെ നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു ഫ്‌ളാറ്റുടമകളുടെ വാദം.
നിയമം ലംഘിച്ചു കെട്ടിടങ്ങൾ പണിയാൻ അനുമതി നൽകിയതിനുപിന്നിൽ ആരെല്ലാമാണെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന് നിർദേശം നൽകിയിട്ടും അത് പാലിക്കാത്തതിൽ ചീഫ് സെക്രട്ടറിയ്ക്കെതിരെ നടപടി വേണ്ടിവരുമെന്നും നേരത്തെ കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.