
സ്വന്തം ലേഖിക
എരുമേലി: തോരാമഴയും എവിടെയോ ഉരുള്‍ പൊട്ടിയതിന്റെ ലക്ഷണമായി ആര്‍ത്തിരമ്പി ഒഴുകുന്ന പമ്പ, അഴുത, മണിമല നദികളും കണമലയിലും പമ്പാവാലിയിലും എരുമേലിയും കനത്ത ഭീതിയാണ് ഉണ്ടാക്കുന്നത്.
2018 ല്‍ ഓഗസ്റ്റ് മാസത്തില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം രാത്രിയില്‍ സംഭവിച്ച മഹാ പ്രളയം ഈ ഓഗസ്റ്റ് മാസത്തില്‍ ആവര്‍ത്തിക്കുമോ എന്ന ഭീതിയിലാണ് നാട്. ഇന്നലെ പുലര്‍ച്ചെതന്നെ മൂക്കന്‍പെട്ടിയിലെ പാലം മുങ്ങി. ഉച്ചയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെ വാര്‍ത്തയെത്തി. ഒപ്പം മൈക്ക് അനൗണ്‍സ്മെന്റിലൂടെ ജാഗ്രതാ മുന്നറിയിപ്പുമായി ജീപ്പില്‍ പൊലീസുമെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിറപുത്തരി ആഘോഷ ഭാഗമായി ശബരിമല ദര്‍ശനത്തിന് വന്നുകൊണ്ടിരിക്കുന്ന അയ്യപ്പഭക്തരെ മടക്കി അയയ്ക്കാനും ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം ആരെയും ശബരിമലയിലേക്ക് കണമല വഴി വിട്ടില്ല. കടകള്‍ അടച്ച് നാട്ടുകാരായ വ്യാപാരികളില്‍ പലരും നേരത്തെ വീടെത്തുന്ന കാഴ്ചയായിരുന്നു പിന്നെ. ടാക്സികളുടെ എണ്ണവും കുറഞ്ഞു. മൊത്തത്തില്‍ ഹര്‍ത്താല്‍ പ്രതീതിയില്‍ എരുമേലി, മുക്കൂട്ടുതറ, കണമല ടൗണുകള്‍ വിജനമായി.
യാത്ര പുറപ്പെട്ടവര്‍ തിരികെ എത്രയും പെട്ടന്ന് വീടെത്താനുള്ള വ്യഗ്രതയിലായിരുന്നു. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ഷെല്‍ട്ടര്‍ ക്യാമ്പ് തുറക്കുന്നതിന്റെ ആലോചനയും ഇതിനിടെ ശക്തമായി. ആറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരുടെ വീടുകളില്‍ പൊലീസും ജനപ്രതിനിധികളും എത്തിക്കൊണ്ടിരുന്നു. രേഖകളും അത്യാവശ്യ സാധനങ്ങളും തയാറാക്കി വയ്ക്കാന്‍ ഇവര്‍ നിര്‍ദേശം നല്കി.
രാത്രിയില്‍ വീടുകളില്‍ നിന്നു താമസം മാറാന്‍ ഒരുങ്ങിയിരിക്കണമെന്ന് അറിയിപ്പ് ഇവര്‍ക്ക് നല്കി. മൂക്കന്‍പെട്ടി പാലത്തിന്റെ സമീപത്തെ വീടുകളില്‍ നിന്നു ആളുകളെ ഒഴിപ്പിക്കാന്‍ തീരുമാനമായി. എരുമേലി – കൊരട്ടി റോഡില്‍ വലിയ തോടിന്റെ തീരത്തുള്ള കുടുംബങ്ങളെ കെടിഡിസി പില്‍ഗ്രിം സെന്ററിലേക്ക് പൊലീസെത്തി മാറ്റി. നദികളും തോടുകളും നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.