വയനാട് ഉരുൾപൊട്ടൽ : ദുരന്തമുണ്ടായ പ്രദേശങ്ങള്‍ സന്ദർശിക്കാനും ഉദ്യോഗസ്ഥ-സർവകക്ഷി യോഗങ്ങളില്‍ പങ്കെടുക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക്
കോഴിക്കോട് : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശങ്ങള്‍ സന്ദർശിക്കാനും ഉദ്യോഗസ്ഥ, സർവകക്ഷി യോഗങ്ങളില്‍ പങ്കെടുക്കാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചു.
വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി വയനാട്ടില്‍ എത്തുക. ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. നിലവില്‍ അഞ്ച് മന്ത്രിമാരുടെ സംഘമാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
രാവിലെ മുണ്ടക്കൈയില്‍ എത്തുന്ന മുഖ്യമന്ത്രി 10.30ന് എ.പി.ജെ ഹാജില്‍ നടക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും. തുടർന്ന് 11.30ന് കളക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സർവകക്ഷി യോഗം ചേരും. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വയനാട്ടില്‍ ക്യാമ്ബ് ചെയ്യുന്ന മന്ത്രിമാരും, രാഷ്ട്രീയ പാർട്ടി നേതാക്കളും ജില്ലയിലെ എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെയുള്ളവർ സർവകക്ഷി യോഗത്തില്‍ പങ്കെടുക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തുന്നുണ്ട്. പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് രാഹുല്‍ എത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം മൂന്നാം ദിവസവും മുണ്ടക്കൈയില്‍ കാണാതായവർക്കായി തെരച്ചില്‍ തുടങ്ങി. കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ചുള്ള തെരച്ചിലാണ് ഇന്ന് നടക്കുക. സൈന്യത്തില്‍ നേതൃത്വത്തില്‍ ബെയ്‍ലി പാലത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ഉച്ചയോടെ നിർമാണം പൂർത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്.