play-sharp-fill
ഭൂഗര്‍ഭ ജലത്തിന്റെ അളവു കൂടിയാൽ ആ മർദ്ദം മണ്ണിന് താങ്ങാനാകില്ല; ഇതോടെ മണ്ണിന്റെ ഉ​ഗ്ര താണ്ഡവം സംഭവിക്കും, ആ കുത്തൊഴുക്കിൽ ഒലിച്ചില്ലാതാകാൻ കേരളത്തിന് ഇനി എത്ര നാൾ..? എന്താണ് ഉരുൾ പൊട്ടൽ..? സംഭവിക്കുന്നതെങ്ങനെ? വേണം കരുതൽ പ്രക‍ൃതിക്കായ്..

ഭൂഗര്‍ഭ ജലത്തിന്റെ അളവു കൂടിയാൽ ആ മർദ്ദം മണ്ണിന് താങ്ങാനാകില്ല; ഇതോടെ മണ്ണിന്റെ ഉ​ഗ്ര താണ്ഡവം സംഭവിക്കും, ആ കുത്തൊഴുക്കിൽ ഒലിച്ചില്ലാതാകാൻ കേരളത്തിന് ഇനി എത്ര നാൾ..? എന്താണ് ഉരുൾ പൊട്ടൽ..? സംഭവിക്കുന്നതെങ്ങനെ? വേണം കരുതൽ പ്രക‍ൃതിക്കായ്..

പാതിരാവിൽ ഉറങ്ങിക്കിടന്നിരുന്ന കുറേ സാധു മനുഷ്യരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകൾക്കും മേലെയായിരുന്നു ആ വൻമല ഹുങ്കാരശബ്ദത്തോടെ വന്നിടിഞ്ഞത്. എന്താണു സംഭവിച്ചതെന്നു പോലും മനസ്സിലാക്കാനാകാതെ മണ്ണിലേക്ക് മരിച്ചു ചേർന്നു അവർ.

കണ്ണീരിന്റെ പേരായിരിക്കുന്നു ഇന്ന് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങള്‍. ഉരുൾപൊട്ടലിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിന്റെ ഓർമയിൽ ഇപ്പോഴും ഞെട്ടിത്തരിക്കുന്നവരിൽ കുട്ടികളും മുതിർന്നവരുമുണ്ട്.


മഴയും, മിന്നലുമൊക്കെ പോലെ തന്നെ പ്രകൃതി പ്രതിഭാസമായാണ് ഉരുള്‍പൊട്ടലിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യ ഇടപെടലുകള്‍ ഇല്ലാത്ത കാടുകളിലും മലഞ്ചെരിവുകളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂസ്ഥിരത നഷ്ടപ്പെടുന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍കല്ലുകളും മറ്റ് വസ്തുക്കളും, വന്‍തോതില്‍ വളരെ പെട്ടെന്ന് താണ സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുള്‍പൊട്ടല്‍. ഉത്ഭവസ്ഥാനത്ത് നിന്നും പതനസ്ഥലത്തേക്ക് എത്തുന്ന വഴി അവിടങ്ങളിലെ എല്ലാ വസ്തുക്കളും തകര്‍ക്കപ്പെടുന്നു. അവശേഷിക്കുന്നത് നഗ്നമാക്കപ്പെട്ട അടിപ്പാറകള്‍ മാത്രമാകും. ഈ സ്ഥലങ്ങളില്‍ നീര്‍ച്ചാലുകള്‍ രൂപപ്പെടുന്നതും കാണാം.

കനത്ത മഴ പെയ്യുമ്പോള്‍ സംഭരിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗര്‍ഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ച്‌ മണ്ണിനടിയില്‍ മര്‍ദ്ദം വര്‍ധിക്കും. ഈ മര്‍ദത്തിന്റെ ഫലമായാണ് വെള്ളം പുറത്തേക്കു ശക്തിയില്‍ കുതിച്ചൊഴുകുക.

ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും തമ്മില്‍ സാങ്കേതികമായ ചില മാറ്റങ്ങള്‍ ഉണ്ട്. പ്രായോഗികമായി രണ്ടിലും സംഭവിക്കുന്നത് മണ്ണും കല്ലും വെള്ളവും കൂടി താഴേക്ക് ഒഴുകി വരികയാണ്. ഉരുള്‍ പൊട്ടലിന്റെ പാതയില്‍ പെട്ടാല്‍ ജീവിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം, പ്രളയം പോലെ പതുക്കെ സംഭവിക്കുന്ന പ്രതിഭാസമല്ല ഉരുള്‍പൊട്ടല്‍.

വൃഷ്ടിപ്രദേശത്ത് മഴ പെയ്താല്‍ ഓരോ തവണയും പുഴയില്‍ വെള്ളം ഉയരുമെന്ന പോലുള്ള കൃത്യമായ ശാസ്ത്രം ഉരുള്‍ പൊട്ടലില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ മുന്നറിയിപ്പുകള്‍ നല്‍കുക അത്ര എളുപ്പമല്ല. മഴയൊ ചുഴലിക്കാറ്റോ പോലെ പ്രവചിക്കാവുന്ന ഒന്നല്ല ഉരുള്‍പൊട്ടല്‍. വിദേശരാജ്യങ്ങളില്‍ ചിലത് ഉരുള്‍പൊട്ടലുകള്‍ പ്രവചിക്കാന്‍ കഴിയുന്ന നിലവാരത്തിലേക്ക് സാങ്കേതികവിദ്യയെ വികസിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് അവിടെയെത്താന്‍ ദൂരങ്ങള്‍ താണ്ടണം.

നമ്മുടെ നാട്ടില്‍ മഴക്കാലം മണ്ണിനെ അതി പൂരിതമാക്കുമ്പോള്‍ വേനല്‍ക്കാലം മണ്ണിനെ വരണ്ടതാക്കുന്നു. കൊല്ലത്തില്‍ ഇങ്ങനെ ഇടവിട്ടുള്ള നനയലും വരളലും, സസ്യാവരണങ്ങള്‍ കുറഞ്ഞ ചരിവുകൂടിയ പ്രതലങ്ങളില്‍ മണ്ണിടിച്ചിലുണ്ടാക്കുന്നു.

ഭൂമികുലുക്കം, മേഘസ്ഫോടനം, കൊടും വരള്‍ച്ചയെത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന പേമാരി തുടങ്ങിയവും ഉരുള്‍പൊട്ടലിനുള്ള സ്വാഭാവിക കാരണങ്ങളാണ്. 10 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന്റെ സാധ്യത കൂടുതലുള്ളത്. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ എന്നെങ്കിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലമാണെങ്കില്‍ പ്രത്യേക ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്.

കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യത നേരിടുന്നതായി പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുമായി ചേര്‍ന്ന് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സസ് (കുഫോസ്) ആണ് പഠനം പുറത്ത് വിട്ടത്.

ഭൂമിയുടെ കിടപ്പ്, ചരിവ്, പാറകളുടെ സ്വഭാവം, മണ്ണിന്റെ ഘടന, മരങ്ങളുടെ പ്രത്യേകത തുടങ്ങിയവ കണക്കിലെടുക്കാതെ മലഞ്ചരുവുകളില്‍ കൃഷ്ചെയ്യുന്നതും, മണ്ണും പാറയും ഖനനം നടത്തുന്നതും, റോഡ് പണിയുന്നതും, കെട്ടിടനിര്‍മാണവും ഒക്കെ ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വന്‍തോതിലുള്ള മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാവുകയും ചെയ്യുന്നു.

കേരളത്തിലെ ഉരുള്‍പൊട്ടലുകളെകുറിച്ച്‌ ഏറ്റവും ആധികാരികമായി പഠിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വളരെ പ്രസക്തമായ കാര്യങ്ങളാണ് പറയുന്നത്.

22 ഡിഗ്രിക്കു മുകളില്‍ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടാവാന്‍ സാധ്യത കൂടുതല്‍. (വിദേശരാജ്യങ്ങളില്‍ ഇത്തരം മേഖലകളില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കാറില്ല).ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കിയിട്ടുണ്ട്. 24 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി മഴ പെയ്യുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കാണണം.

മലയടിവാരത്തും മലമുകളിലും കുന്നിന്‍ചെരിവുകളിലും താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ എന്നെങ്കിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലമാണെങ്കില്‍ പ്രത്യേകിച്ചും. ഇന്ന് വിവിധ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ ലാന്‍ഡ് സ്ലൈഡ് ഹസാര്‍ഡ് സോണേഷന്‍ മാപ്പുകള്‍ ലഭ്യമാണെങ്കിലും വലിയ സ്‌കെയിലുകളില്‍ ആണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഇത് ഒരു പോരായ്മയാണ്.

തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ സൂക്ഷ്മതലത്തില്‍ ജിയോളജിക്കല്‍, ജിയോടെക്‌നിക്കല്‍ പഠനങ്ങള്‍ നടത്തി ചെറിയ സ്‌കെയിലില്‍ ഭൂപടം നിര്‍മിച്ചാല്‍ അത് പഞ്ചായത്ത് തലത്തിലുള്ള അധികൃതര്‍ക്ക് അനായാസം ഉപയോഗിക്കാന്‍ സാധിക്കും. ഇതുവരെ നടന്ന പഠനങ്ങള്‍ ക്രോഡീകരിച്ച്‌ സാധാരണക്കാരന് മനസ്സിലാക്കാവുന്ന ഭാഷയില്‍ അതാത് പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ നടപടിയുണ്ടാകണം.