
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
അയാളും ഞാനും തമ്മില്‍ മുതല്‍ ക്ലാസ്‌മേറ്റ്‌സ് വരെ മലയാള സിനിമയിലെ നാഴികക്കല്ലുകളായി മാറിയ ഒരുപാട് സിനിമകള്‍. പൊതുവെ ഫീല്‍ ഗുഡ് സിനിമകളും തമാശയുമൊക്കെയാണ് ലാല്‍ ജോസ് ചെയ്യാറുള്ളത്. എന്നാല്‍ വളരെ സീരിയസായ സിനിമകളും ലാല്‍ ജോസ് ചെയ്തിട്ടുണ്ട്.ലാല്‍ ജോസിന്റെ ഫിലിമോഗ്രഫിയില്‍ വളരെ വ്യത്യസ്തമായൊരു സിനിമയാണ് അച്ഛനുറങ്ങാത്ത വീട്.
സലീം കുമാറിനെ അതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ച സിനിമ പ്രേക്ഷകരെ പിടിച്ചുലയ്ക്കുന്നതായിരുന്നു. മുക്തയായിരുന്നു ചിത്രത്തിലെ നായിക. മറക്കാനാക്കാത്ത ഒരുപാട് അഭിനയ മുഹൂര്‍ത്തങ്ങളും ഉള്ളുലയ്ക്കുന്ന രംഗങ്ങളും നിറഞ്ഞ സിനിമയായിരുന്നു അച്ഛനുറങ്ങാത്ത വീട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിലെ നായികയായി മുക്ത എത്തിയതിന് പിന്നിലെ പങ്കുവെക്കുകയാണ് ലാല്‍ ജോസ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖ പരമ്ബരയിലൂടെയായിരുന്നു ലാല്‍ ജോസ് ആ കഥ പറഞ്ഞത്. കള്ളം പറഞ്ഞ് നായികയായ താരമാണ് മുക്ത എന്നാണ് ലാല്‍ ജോസ് പറയുന്നത്. രസകരമായ ആ കഥയും മുക്തയുടെ പ്രകടനത്തെക്കുറിച്ചുമൊക്കെ ലാല്‍ ജോസ് മനസ് തുറക്കുന്നുണ്ട്.നിങ്ങളുടെ ഏറ്റവും നല്ല സിനിമ അച്ഛനുറങ്ങാത്ത വീടാണ് എന്ന് പറയുന്ന നാലോ അഞ്ചോ ആളുകളെയെങ്കിലും ഞാന്‍ എല്ലാ വര്‍ഷവും കണ്ടുമുട്ടാറുണ്ട്.
എന്നാലും നിങ്ങള്‍ ഭയങ്കര ക്രൂരനാണ്. ക്ലൈമാക്‌സില്‍ ആ സ്ത്രീ വന്ന് അവളുടെ ചുമലില്‍ കൈ വെക്കുമ്ബോള്‍ തകര്‍ന്നു പോയി എന്ന് പറയുന്നവരും ഉണ്ട്. ഈയ്യിടെ ഒരു കവിയെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, അച്ഛനുറങ്ങാത്തവീട് തന്നതിന് നന്ദി’ ലാല്‍ ജോസ് പറയുന്നു. പിന്നാലെയാണ് ചിത്രത്തിലേക്ക് മുക്ത എത്തിയതിനെക്കുറിച്ച് ലാല്‍ ജോസ് സംസാരിക്കുന്നത്.”ആ സിനിമയിലേക്ക് നായികയായി ഒരു പെണ്‍കുട്ടിയെ വേണമായിരുന്നു. അവള്‍ കാഴ്ചയില്‍ ഇടുക്കിക്കാരിയാണെന്ന് തോന്നണം. യൂണിഫോം ഇട്ടാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണെന്നും നൈറ്റില്‍ ഇട്ടാല്‍ മുതിര്‍ന്ന പെണ്‍കുട്ടിയാണെന്നും തോന്നണം. കുറേ കുട്ടികളെ കണ്ടു. ഒന്നുകില്‍ മുതിര്‍ന്നവര്‍, അല്ലെങ്കില്‍ തീരെ ചെറിയ കുട്ടികള്‍. അതിനിടെ ഒരു പെണ്‍കുട്ടി യൂണിഫോം ധരിച്ചു കൊണ്ട് കയറി വന്നു. അതാണ് മുക്ത”.
യൂണിഫോമില്‍ പ്രായം ഓക്കെയാണ്. നൈറ്റി ഇട്ടപ്പോഴും എന്റെ നായിക തന്നെ. നാല്‍പ്പതു പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന കഥയാണ്. അതൊക്കെ ഈ പെണ്‍കുട്ടിയ്ക്ക് എങ്ങനെ പറഞ്ഞു കൊടുക്കും എന്നാലോചിച്ച് ഞാന്‍ ചോദിച്ചു, നീ ഏത് ക്ലാസിലാ പഠിക്കുന്നത്? പത്താം ക്ലാസ് കഴിഞ്ഞു. എനിക്ക് അത്ര കുഴപ്പം തോന്നിയില്ല. അവളെ കാസ്റ്റ് ചെയ്തു എന്നാണ് ലാല്‍ ജോസ് പറയുന്നത്.
ഷൂട്ടിംഗ് തുടങ്ങുകയും മുക്ത ഗംഭീരമായി അഭിനയിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് മുക്ത എട്ടാം ക്ലാസിലാണ് പഠിക്കുന്നതെന്ന് താന്‍ അറിയുന്നതെന്നാണ് ലാല്‍ ജോസ് പറയുന്നത്. പ്രായം കൂട്ടി പറയുകയായിരുന്നു താരം.
അത്രയും ചെറിയൊരു കുട്ടി ആ കഥാപാത്രത്തെ വളരെ കൃത്യമായി ഉള്‍ക്കൊണ്ടു കൊണ്ട് അഭിനയിച്ചുവെന്നാണ് താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ലാല്‍ ജോസ് പറയുന്നത്.
അവളുടെ ഒരു കരച്ചിലുണ്ട്. തനിക്കത് ഒരിക്കലും മറക്കാനാകില്ല. വാനില്‍ നിന്ന് മുഖം മൂടിക്കൊണ്ട് പുറത്തേക്കിറങ്ങുമ്ബോള്‍ ഒരുത്തന്‍ മുഖത്തെ ആ തുണി വലിച്ചു മാറ്റും. ഒറ്റ ഷോട്ടിലാണ് അതവള്‍ അഭിനയിച്ചത്. ആ ഷോട്ട് കഴിഞ്ഞ് മുരളിയേട്ടന്‍ അവളെ ചെന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു, നീ മിടുക്കിയാണ്. ആ രംഗം എപ്പോള്‍ കണ്ടാലും തനിക്ക് കണ്ണു നിറയുമെന്നാണ് ലാല്‍ ജോസ് പറയുന്നത്. ആളുകളുടെ മുഖം കാണേണ്ടാത്ത സമയത്ത് കണ്ടേ പറ്റു എന്ന മലയാളിയുടെ അശ്ലീലതയും വാശിയുമാണത്. ഒരു മലയാളി പുരുഷന്‍ എന്ന നിലയില്‍ സ്വയം അപമാനം തോന്നിയിട്ടുളള സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു അതെന്നും ലാല്‍ ജോസ് പറയുന്നുണ്ട്.