കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; സംസ്കാരം നാളെ
ആലപ്പുഴ: കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടി (70) അന്തരിച്ചു.
ഞായറാഴ്ച രാത്രി 8.45ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും ഹോര്‍ട്ടികോര്‍പ്പ് മുന്‍ ചെയര്‍മാനുമായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ്. 2020ല്‍ യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കും.
കെ.പി.സി.സി അംഗമാണ്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വര്‍ഗീസ് വൈദ്യന്റെ മകനാണ്. വിദ്യാഭ്യാസകാലം മുതല്‍ പിതാവിന്റെ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് ചിന്താഗതിയിലേക്ക് മാറി ചിന്തിച്ചിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ദിരഗാന്ധിയോടും കെ. കരുണാകരനോടുമുള്ള ആരാധനയും ബന്ധവും ലാല്‍ വര്‍ഗീസ് കല്‍പകവാടിയെ കറകളഞ്ഞ കോണ്‍ഗ്രസുകാരനാക്കി. 1980ല്‍ കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടനയായ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ ആയി.
കര്‍ഷകരോടും കാര്‍ഷിക വൃത്തിയോടുമുള്ള താത്പര്യത്താല്‍ പാര്‍ട്ടിയുടെ മറ്റ് തലങ്ങളിലേക്ക് മാറാതെ കര്‍ഷക കോണ്‍ഗ്രസില്‍ തന്നെ കഴിഞ്ഞ 45വര്‍ഷമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, 17 വര്‍ഷം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ കര്‍ഷകര്‍ക്കുവേണ്ടി പോരാട്ടം നടത്തി.
ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടന രൂപവത്കരിക്കുന്നതിന് അദ്ദേഹത്തെ 2016ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോഓഡിനേറ്റര്‍ ആയി എ.ഐ.സി.സി നിയമിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഹോള്‍ട്ടികോര്‍പ് ചെയര്‍മാനായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു.
2021ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു. പ്രേംനസീര്‍ ഉള്‍പ്പെടെ സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ഭാര്യ: സുശീല ജേക്കബ്. മകന്‍: അമ്പു വര്‍ഗീസ് വൈദ്യന്‍. മരുമകള്‍: ആന്‍ വൈദ്യന്‍ കല്‍പകവാടി കരുവാറ്റ.