video
play-sharp-fill

പ്രസവസമയത്ത് പ്രിയതമൻ അരികെ ; ലക്ഷ്യ 21 ആശുപത്രികളിൽ

പ്രസവസമയത്ത് പ്രിയതമൻ അരികെ ; ലക്ഷ്യ 21 ആശുപത്രികളിൽ

Spread the love

മാളവിക നായർ

തിരുവനന്തപുരം: കുഞ്ഞിന്റെ ജനനസമയത്ത് മാനസിക പിന്തുണയേകാൻ ഇനി പ്രസവമുറിയിൽ ഭർത്താവിനും സ്ഥാനമുണ്ടാകും. അമ്മയുടെ സ്വകാര്യത മാനിച്ചുതന്നെ ലോകോത്തര ശ്രദ്ധയും പരിചരണവും ലഭ്യമാക്കുന്ന ‘ലക്ഷ്യ’ പദ്ധതി ഈ വർഷം 21 സർക്കാർ ആശുപത്രികളിൽ നടപ്പാക്കും. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ആയിരിക്കും പദ്ധതി ആദ്യമായി നിലവിൽ വരുന്നത്. വിദേശരാജ്യങ്ങളിലും മറ്റും പ്രസവമുറിയിൽ ജീവിതപങ്കാളിയുടെ സാന്നിധ്യം അനുവദിക്കാറുണ്ട്. ഇത് സ്ത്രീകളെ മാനസിക പിരിമുറുക്കത്തിൽനിന്ന് രക്ഷിക്കുകയും പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീ സ്വകാര്യതയെ മാനിച്ചുള്ള പ്രസവം സാധ്യമാക്കാൻ പദ്ധതി നടപ്പാക്കുന്ന ആശുപത്രികളിൽ പ്രസവ വാർഡിനുപകരം ആധുനിക സൗകര്യങ്ങളോടെയുള്ള വ്യക്തിഗത പ്രസവമുറികളുണ്ടാകും. ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി അനുഭാവപൂർവമുള്ള പരിചരണം ഉറപ്പാക്കും. അമ്മയ്ക്ക് ആശ്വാസദായകമായ രീതിയിൽ കിടക്കുകയോ ഇരിക്കുകയോ ചെയ്യാനുള്ള സൗകര്യം പ്രസവമുറിയിൽ ലഭ്യമാക്കും.
തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും എല്ലാ ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് ആശുപത്രികളിലും ഈ വർഷംതന്നെ പദ്ധതി നടപ്പാക്കും.