കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യ : നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം : ഒക്ടോബർ ആറ് വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവ്
സ്വന്തം ലേഖകൻ
കൊല്ലം: കൊട്ടിയത്ത് 24കാരിയായ റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം. കേസിൽ കൊല്ലം സെഷൻസ് കോടതിയാണ് നടിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഇതിനുപുറമെ ഒക്ടോബർ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹാരിഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സീരിയൽ നടിയേയും കുടുംബത്തേയും കേസിൽ പ്രതി ചേർക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെയാണ് കുടുംബസമേതം ഇവർ ഒളിവിൽ പോവുകയായിരുന്നു. ആത്മഹത്യയിൽ ഹാരിഷിന്റെ വീട്ടുകാർക്കു പങ്കുണ്ടെന്ന് റംസിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വരൻ ഹാരിഷ് മുഹമ്മദിന്റെ സഹോദരന്റ ഭാര്യയായ ലക്ഷ്മിയുടെ സഹായത്തോടെയാണ് റംസിക്ക് ഗർഭഛിദ്രം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം സീരിയൽ നടിയേയും ചോദ്യം ചെയ്തത്.
വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ റംസി (24) കഴിഞ്ഞ മൂന്നിനാണ് കൊട്ടിയത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ ഹാരിഷ് മൻസിലിൽ ഹാരിഷ് എന്ന യുവാവുമായി 8 വർഷമായി പ്രണയത്തിലായിരുന്നു റംസി.
ഒന്നര വർഷം മുൻപ് വളയിടൽ ചടങ്ങും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹാരിഷ് ആവശ്യപ്പെട്ടപ്പോഴൊക്കെ പണവും സ്വർണവും ആൾ സഹായവുമായി റംസിയും വീട്ടുകാർ സഹകരിച്ചിരുന്നു.
എന്നാൽ ഹാരിഷ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നതായി അറിഞ്ഞതോടെ റംസി മാനസികമായി തളർന്നു.പല കാരണങ്ങൾ പറഞ്ഞ് ഹാരീസും കുടുംബവും റംസിയെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു.
മാനസികമായി തളർന്ന റംസി ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് ഹാരിഷിനേയും ഹാരിഷിന്റെ മാതാവിനേയും വിളിച്ചിരുന്നു. ഇവരുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹാരിഷ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചാണ് റംസിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതെന്നും തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ഹാരിഷ് ഇപ്പോൾ റിമാൻഡിലാണ്. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.