video
play-sharp-fill
എന്റെ അമ്മയാണത് ; കാറിൽ ഉപേക്ഷിച്ച ലൈലാമണിയെ തേടി മകനെത്തി

എന്റെ അമ്മയാണത് ; കാറിൽ ഉപേക്ഷിച്ച ലൈലാമണിയെ തേടി മകനെത്തി

സ്വന്തം ലേഖകൻ

കട്ടപ്പന: അടിമാലിയിൽ പൂട്ടിയിട്ട കാറിൽ കണ്ടെത്തിയ വീട്ടമ്മയെ ഭർത്താവ് മാത്യൂ ഇതിന് മുൻപും ഉപേക്ഷിക്കാൻ ശ്രമിച്ചതായി പൊലീസ് പറയുന്നു. ഏതാനും വർഷം മുൻപ് തിരുവനന്തപുരത്ത് വച്ച് കാറിൽ ഉപേക്ഷിച്ച് കടന്നുകളയാൻ രണ്ടാം ഭർത്താവ് മാത്യൂ ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്.

അതേസമയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ ലൈലാമണിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മകൻ മഞ്ജിത്ത് സമ്മതിച്ചു. അതിനിടെ, മാത്യുവിനെ കണ്ടെത്തുന്നതിനുളള ശ്രമം പൊലീസ് ഊർജിതമായി തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസമാണ് അടിമാലി ടൗണിന് സമീപം ദേശീയ പാതയിൽ വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി വയനാട് സ്വദേശിനിയായ ലൈലാമണി(55) കാറിൽ കഴിയുകയായിരുന്നു. ഒരു ഭാഗം തളർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടാം ഭർത്താവായ മാത്യൂവിനെ കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

ആദ്യ ഭർത്താവ് മരിച്ചതിനെ തുടർന്ന് 2014ലാണ് മാത്യൂവും ഒന്നിച്ച് ലൈലാമണി ജീവിക്കാൻ തുടങ്ങിയത്. ഇവർ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.ഏതാനും വർഷം മുൻപാണ് ലൈലാമണിയെ ഉപേക്ഷിക്കാനുളള ആദ്യ ശ്രമം മാത്യൂ നടത്തിയത്.

തിരുവനന്തപുരത്ത് വെഞ്ഞാറുമൂട് വച്ച് ലൈലാ മണിയെ ഉപേക്ഷിച്ച് കടന്നുകളയാനാണ് മാത്യൂ ശ്രമിച്ചത്. എന്നാൽ പൊലീസ് ഇടപെട്ട് ബന്ധുക്കളെ കണ്ടെത്തി മാത്യൂവിന് ഒപ്പം ലൈലാമണിയെ പറഞ്ഞയച്ചു.

പൂട്ടിയിട്ട കാറിൽ ഉപേക്ഷിച്ച നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ ആദ്യ മണിക്കൂറുകളിൽ പൊലീസ് കരുതിയിരുന്നത് മാത്യൂവിന് ഏതെങ്കിലും സംഭവിച്ചുകാണുമെന്നാണ്. എന്നാൽ ഇന്ന് ലൈലാമണിയുടെ ഒന്നാം ഭർത്താവിലെ മകൻ അമ്മയെ തേടി അടിമാലിയിൽ എത്തിയപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

രണ്ടാം ഭർത്താവ് മനഃപൂർവ്വം ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്ന് മകൻ മഞ്ജിത്തിന്റെ മൊഴിയിൽ നിന്നുമാണ് പൊലീസ് തിരിച്ചറിഞ്ഞത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മാത്യൂവിന് വേണ്ടിയുളള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ തയ്യാറാണെന്ന് മകൻ പറഞ്ഞതായി പൊലീസ് പറയുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ പൊലീസ് എടുത്തിട്ടില്ല. അമ്മയുടെ അഭിപ്രായം കൂടി ആരാഞ്ഞ് തീരുമാനം എടുക്കാനുളള നീക്കത്തിലാണ് പൊലീസ് എന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവർമാരാണ് കാറിൽ വീട്ടമ്മയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാര്യം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാറിന്റെ താക്കോലും, വസ്ത്രങ്ങളും, ബാങ്ക് ഇടപാട് രേഖകളും കാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

താനും ഭർത്താവുമായി ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നെന്നും, യാത്രയ്ക്കിടയിൽ കാറിൽ നിന്ന് ഇറങ്ങി പോയ ഭർത്താവ് പിന്നെ തിരിച്ച് വന്നില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്.

ഇവരുടെ ഭർത്താവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. വാഹനത്തിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ പൊലീസ് വിളിച്ചെങ്കിലും പൊലീസാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ ഫോൺ കട്ടാക്കുകയായിരുന്നു. മാത്യുവിന്റെ നമ്പറാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം.